വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെത്തിയില്ലെങ്കില്‍ രക്ഷിതാക്കളെ വിളിച്ചന്വേഷിക്കണം, വിദ്യാര്‍ത്ഥികള്‍ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണം ; നിര്‍ദേശങ്ങളുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

മലപ്പുറം : സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി അധികൃതര്‍ക്ക് നിര്‍ദേശവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. സ്‌കൂള്‍ അധികൃതര്‍ പാലിക്കേണ്ട നടപടികളെ കുറിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെത്തിയില്ലെങ്കില്‍ രക്ഷിതാക്കളെ വിളിച്ച് അധ്യാപകര്‍ വിവരം അന്വേഷിക്കണമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നു. വീട്ടില്‍നിന്നു വിദ്യാര്‍ഥി സ്‌കൂളിലേക്കു പുറപ്പെട്ടിരുന്നു എന്നു മനസ്സിലാക്കിയാല്‍ വിവരം പൊലീസിനെ അറിയിക്കണമെന്ന നിര്‍ദേശവുമുണ്ട്.

സ്‌കൂളുകളിലെ ലാന്‍ഡ് ഫോണിന്റെ പ്രവര്‍ത്തനം ഉറപ്പാക്കണം. ഐടി ഉപകരണങ്ങളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കണം. കുട്ടികളുടെ പരാതികളറിയാന്‍ സ്‌കൂളുകളില്‍ പരാതിപ്പെട്ടി നിര്‍ബന്ധമായും സ്ഥാപിക്കണം. കുട്ടികള്‍ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള ക്രമീകരണം ഒരുക്കണമെന്നും പറയുന്നു.

സ്‌കൂളുകളുടെ അറ്റകുറ്റപ്പണി 27നു മുന്‍പു പൂര്‍ത്തീകരിക്കണം. ഭിത്തികള്‍ പെയ്ന്റ് ചെയ്യണം. സ്‌കൂള്‍ തുറക്കുന്ന ദിവസം വിദ്യാര്‍ഥികള്‍ക്കൊപ്പം രക്ഷിതാക്കള്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ സ്‌കൂളില്‍ പാര്‍ക്കിങ്ങിനു പ്രത്യേക ക്രമീകരണം ഒരുക്കണം. സ്‌കൂള്‍ അടുക്കളയിലെ പാചകപ്പാത്രങ്ങള്‍ അണുവിമുക്തമാക്കണം. ഉപയോഗശേഷം സുക്ഷിച്ചിരിക്കുന്ന ധാന്യങ്ങളും കാലാവധി കഴിഞ്ഞ ഭക്ഷണ സാധനങ്ങളും ഉപയോഗിക്കുന്നില്ലെന്ന് പ്രധാനാധ്യാപകന്‍ ഉറപ്പാക്കണം. വനം തോട്ടം മേഖലകളില്‍ വിദ്യാര്‍ഥികള്‍ നടന്നുവരുന്ന ഭാഗങ്ങളിലെ കുറ്റിക്കാടുകള്‍ തദ്ദേശ സ്വയംഭരണവകുപ്പും വനംവകുപ്പും ചേര്‍ന്നു നീക്കം ചെയ്യണമെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ട്.

error: Content is protected !!