ഇങ്ങനെ പോയാൽ വീൽചെയറിൽ പോകേണ്ടി വരും, മുഈനലി ശിഹാബ് തങ്ങൾക്ക് ലീഗ് പ്രവർത്തകന്റെ ഭീഷണി

മലപ്പുറം: പാണക്കാട് സയ്യിദ് ഹൈദരലി തങ്ങളുടെ മകൻ പാണക്കാട് മുഈനലി തങ്ങൾക്ക് മുസ്ലിം ലീഗ് പ്രവർത്തകൻ ഭീഷണിസന്ദേശം അയച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. മുസ്ലീം ലീഗ് പ്രവർത്തകനായ റാഫി പുതിയകടവിലിനെതിരേയാണ് മുഈനലി തങ്ങളുടെ പരാതിയിൽ മലപ്പുറം ടൗൺ പോലീസ് കേസെടുത്തത്. കലാപാഹ്വാനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

വാട്സാപ്പ് വഴിയാണ് പാണക്കാട് മുഈനലി തങ്ങൾക്ക് ഭീഷണിസന്ദേശം ലഭിച്ചത്. 19 ന് രാത്രി 10 മണിക്കാണ് തങ്ങൾക്ക് വാട്‌സ്ആപ്പിൽ ഭീഷണി സന്ദേശം വന്നത്.

‘‘തങ്ങളേ, നിങ്ങൾ ഈ പോക്ക് പോകുകയാണെങ്കില്‍ വീല്‍ചെയറില്‍ പോകേണ്ട ഗതി നിങ്ങൾക്കുണ്ടാകും കേട്ടോ. നിങ്ങൾ തങ്ങള്‍ കുടുംബത്തിൽ നിന്നായതിനാൽ എല്ലാവരും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നയാളാണ്. നിങ്ങൾ ഈ കോലത്തിൽ സംസാരവും കാര്യങ്ങളുമായിട്ട് സമുദായ നേതാക്കളെയും പാർട്ടി നേതാക്കളെയുമെല്ലാം വെല്ലുവിളിച്ച് പോവുകയാണെങ്കിൽ, വീൽചെയറിൽത്തന്നെ പോകേണ്ടി വരും.

‘‘തങ്ങള്‍ക്കിനി ഭീഷണി തന്നെയാണ് കേട്ടോ തങ്ങളേ… തങ്ങൾക്ക് ഇനി പുറത്തിറങ്ങാൻ പറ്റില്ല. തങ്ങളുടെ പരിപാടിയിലേക്കാണ് ഞങ്ങളെല്ലാം നീങ്ങുന്നത്. കാരണം പാർട്ടിയെയും പാർട്ടി നേതൃത്വത്തെയും വെല്ലുവിളിച്ചാണ് മുന്നോട്ടു പോകുന്നതെങ്കിൽ വധഭീഷണി തന്നെയാണ് നിങ്ങൾക്ക്.’’ – ഇതാണ് മുഈനലി തങ്ങൾക്കു ഫോണിൽ ലഭിച്ച ഭീഷണി സന്ദേശം.

അതേസമയം, ഭീഷണിക്ക് പിന്നിൽ മറ്റാരെങ്കിലുമുണ്ടോ എന്നകാര്യം പോലീസ് പരിശോധിക്കട്ടെ എന്നായിരുന്നു പരാതി നൽകിയശേഷം മുഈനലി തങ്ങളുടെ പ്രതികരണം. റാഫിയുടെ പശ്ചാത്തലമൊന്നും അറിയില്ല. ലീഗ് പ്രവർത്തകനാകണമെന്നുമില്ല. പാർട്ടി മനസ്സിലുണ്ടെങ്കിൽ നേതാക്കന്മാരുമായും ബന്ധമുണ്ടാകുമല്ലോ. ഒരുപക്ഷേ, ഔദ്യോഗികമായി ബന്ധമുണ്ടാകണമെന്നില്ല. ഭീഷണിപ്പെടുത്തിയതിന്റെ കാരണം എന്താണെന്ന് അയാളോട് ചോദിച്ചാൽ മാത്രമേ അറിയാനാകൂ. സമസ്തയോ ലീഗോ പാണക്കാട് കുടുംബമോ തമ്മിൽ വിഷയങ്ങളൊന്നുമില്ല. വളരെ ഊഷ്മളമായാണ് ആ ബന്ധവും ബഹുമാനവും എല്ലാവരും കൊണ്ടുപോകുന്നതെന്നും പാണക്കാട് മുഈനലി തങ്ങൾ പറഞ്ഞു.

സമസ്ത വിഷയത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടി നടത്തിയ പരാമർശത്തിനെതിരേ മുഈനലി തങ്ങൾ കഴിഞ്ഞദിവസം പരസ്യമായിത്തന്നെ രംഗത്തെത്തിയിരുന്നു. പാണക്കാട് കുടുംബത്തിന്റെ ചില്ലയും കൊമ്പും വെട്ടാൻ ആരെയും അനുവദിക്കില്ലെന്ന മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പരാമർശത്തിന് മറുപടിയായി, ആരുമിവിടെ കൊമ്പ് വെട്ടാനും ചില്ല വെട്ടാനും പോകുന്നില്ലെന്നും അതൊക്കെ ചിലരുടെ വെറും തോന്നലുകൾ മാത്രമാണെന്നുമായിരുന്നു മുഈനലി തങ്ങളുടെ പ്രതികരണം. ഇതിനുപിന്നാലെയാണ് മുഈനലി തങ്ങൾക്ക് വാട്സാപ്പിൽ ഭീഷണിസന്ദേശം ലഭിച്ചത്. നേരത്തെ 2021 ൽ ചന്ദ്രിക വിഷയത്തിൽ കുഞ്ഞാലിക്കുട്ടിക്കെതിരേ സംസാരിച്ചെന്ന പേരിൽ ലീഗ് ഹൗസിൽ വെച്ച് മുഈനലി തങ്ങൾക്കെതിരേ റാഫി പരസ്യമായി പ്രതിഷേധിച്ചിരുന്നു. അന്ന് റാഫിയെ മുസ്ലിം ലീഗിൽ നിന്ന് പുറത്താക്കിയിരുന്നു. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ആണ് തങ്ങൾ. സമസ്ത ലീഗ് വിഷയത്തിൽ പാണക്കാട്ടെ മറ്റു തങ്ങന്മാരിൽ നിന്ന് വ്യത്യസ്തമായി സമസ്തക്ക് അനുകൂല നിലപാടാണ് മുഈനലി തങ്ങൾക്ക്. ഇക്കാരണം കൊണ്ട് തന്നെ സമസ്തയിലെ ലീഗ് വിരുദ്ധരായ വിഭാഗം ഇദ്ദേഹത്തിന് വേദികൾ നൽകാറുണ്ട്. ഈ ഭീഷണി സന്ദേശം ലീഗിന് വലിയ പ്രതിരോധത്തിൽ ആക്കും.

error: Content is protected !!