മരിച്ചത് സിപിഎം പ്രവർത്തകൻ, നിഷേധിച്ച് എം.വി.ഗോവിന്ദൻ
കണ്ണൂർ : പാനൂർ പുത്തൂർ മുളിയാത്തോട്ടിൽ വീട്ടിലുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ മരിച്ചു. 3 പേർക്കു പരുക്കേറ്റു. കൈവേലിക്കൽ സ്വദേശി ഷെറിൻ ആണ് മരിച്ചത്. ഒരാളുടെ രണ്ടു കൈപ്പത്തികളും അറ്റുപോയതായാണു വിവരം. കോഴിക്കോട് മിംസിലും പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് പരുക്കേറ്റവരെ പ്രവേശിപ്പിച്ചത്.
ഷെറിൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. പാനൂരിൽ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ ടെറസിൽ ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്ഫോടനം നടന്നതെന്നാണ് വിവരം. ഷെറിന് സ്ഫോടനത്തിൽ കൈക്കും മുഖത്തും ദേഹത്തും ഗുരുതരമായി പരിക്കേറ്റിരുന്നു. കൈപ്പത്തികൾ അറ്റുപോയ നിലയിലായിരുന്നു. രാത്രി തന്നെ ഷെറിനെയും വിനീഷിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഷെറിൻ മരിച്ചു. മരിച്ച ഷെറിനും പരിക്കേറ്റവരും സി പി എം പ്രവർത്തകർ ആണ്. സംഭവസമയം പത്തോളം പേർ ഉണ്ടായിരുന്നതായാണ് പുറത്തുവരുന്നത്.
അതിനിടെ, രാവിലെ സ്ഫോടനത്തിനു പിന്നാലെ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെത്തി. പൊലീസ് ബന്തവസ് ഭേദിച്ച് അകത്തു കയറി. ഇതിനുപിന്നാലെ പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി.
അതേസമയം, പാനൂരിൽ ബോംബ് നിർമാണത്തിനിടെ പരുക്കേറ്റവർക്കു സിപിഎമ്മുമായി ബന്ധമില്ലെന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. പാർട്ടി നേരത്തേ മാറ്റി നിർത്തിയ ടീമാണിത്. ഇക്കാര്യം നേരത്തെ തന്നെ നേതൃത്വം പറഞ്ഞിട്ടുള്ളതാണെന്നും ഗോവിന്ദൻ പറഞ്ഞു.