പീഡനക്കേസ് : ഷിയാസ് കരീമിന് ഇടക്കാല ജാമ്യം

കാസര്‍ഗോഡ് : വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീമിന് ഇടക്കാല ജാമ്യം. ഹൈക്കോടതി നിര്‍ദേശം അനുസരിച്ചാണ് ഷിയാസ് കരീമിനെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയും ഉപാധികളോടെ ജാമ്യത്തില്‍ വിടുകയും ചെയ്തത്. ഇന്ന് രാവിലെ ചെന്നൈ വിമാനത്താവളത്തില്‍ വെച്ചാണ് ഷിയാസ് അറസ്റ്റിലായത്. ഇയാളെ കാസര്‍കോടേക്ക് കൊണ്ടുവരാന്‍ പൊലീസ് സംഘം ചെന്നൈയിലേക്ക് പുറപ്പെട്ടതിന് പിന്നാലെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്ത് വന്നത്.

വിദേശത്ത് നിന്നെത്തിയ ഷിയാസ് കരീം ഇന്ന് രാവിലെ ചെന്നൈ വിമാനത്താവളത്തില്‍വച്ചാണ് കസ്റ്റഡിയിലായത്. തുടര്‍ന്ന് ചന്ദേര പൊലീസ് ചെന്നൈയിലെത്തി കസ്റ്റഡിയില്‍ വാങ്ങുകയും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഹോസ്ദുര്‍ഗ് താലൂക്കിലെ ജിംനേഷ്യം പരിശീലകയായ യുവതിയാണ് നടനെതിരെ കാസര്‍കോട് ചന്തേര പൊലീസില്‍ പരാതി നല്‍കിയത്. ഷിയാസിനെതിരെ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

നേരത്തെ ചന്ദേര പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള സ്ത്രീയാണ് ഷിയാസ് കരീമിനെതിരെ പരാതി നല്‍കിയത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും 11 ലക്ഷം രൂപ തട്ടിയെടുത്തെന്നും ആരോപിച്ചാണ് ഷിയാസിനെതിരെ ജിംനേഷ്യം പരിശീലകയായ യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. 2021 മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവില്‍ എറണാകുളം കടവന്ത്ര, മൂന്നാര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടലുകളില്‍ എത്തിച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയതായും ചെറുവത്തൂരിലെ ഹോട്ടല്‍മുറിയില്‍വെച്ച് മര്‍ദിച്ചതായും പരാതിയില്‍ ആരോപിക്കുന്നു.

എറണാകുളത്ത് സ്വന്തമായി ജിംനേഷ്യം നടത്തുന്ന ഷിയാസ് ജിംട്രെയിനറെ ആവശ്യമുണ്ടെന്ന് പരസ്യം നല്‍കിയിരുന്നു. ഈ പരസ്യം കണ്ടാണ് ജിംനേഷ്യം പരിശീലകയായ 32-കാരി ഷിയാസുമായി ബന്ധപ്പെടുന്നത്. തുടര്‍ന്ന് ഇവര്‍ തമ്മില്‍ പരിചയത്തിലാവുകയും സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശത്തില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 11 ലക്ഷം രൂപ പ്രതി വാങ്ങിയതായും യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പരാതി വാര്‍ത്തയായതിന് പിന്നാലെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളെ മോശം ഭാഷയില്‍ അധിക്ഷേപിച്ച് ഷിയാസ് രംഗത്തെത്തിയിരുന്നു. ഒരു വീഡിയോയിലാണ് വിമര്‍ശനം സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ വഴി പങ്കുവച്ചത്. ‘എന്നെക്കുറിച്ച് ഒരുപാട് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഞാന്‍ ജയിലില്‍ അല്ല. ദുബായിലാണ്. ഇവിടെ നല്ല അരി കിട്ടും എന്നറിഞ്ഞിട്ട് വാങ്ങാന്‍ വന്നതാണ്.’ ‘നാട്ടില്‍ വന്നിട്ട് അരിയൊക്കെ ഞാന്‍ തരുന്നുണ്ട്. നാട്ടില്‍ ഞാന്‍ ഉടന്‍ എത്തും. വന്നതിനുശേഷം നേരിട്ടു കാണാം’, എന്ന് പറഞ്ഞ് ചില മോശം വാക്കുകളോടെയായിരുന്നു വീഡിയോ. വീഡിയോ വിവാദമായതിന് പിന്നാലെ മാപ്പ് പറഞ്ഞ് ഷിയാസ് രംഗത്തെത്തി.

error: Content is protected !!