ഐ.ആർ ബറ്റാലിയൻ, സായുധ പൊലീസ് സംയുക്ത പാസിങ് ഔട്ട് പരേഡ് പൂർത്തിയായി

പാണ്ടിക്കാട് കൊളപ്പറമ്പ് ഐ.അർ.ബി ക്യാമ്പിൽ നടന്ന ഇന്ത്യാ റിസർവ് ബറ്റാലിയൻ, സായുധ പൊലീസ് സംയുക്ത പാസിങ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി സേനാംഗങ്ങളെ അഭിവാദ്യം ചെയ്തു. മയക്കുമരുന്നിൽ നിന്നും മറ്റു ലഹരിപദാർത്ഥങ്ങളിൽ നിന്നും നാടിനെയും ഭാവി തലമുറയെയും സംരക്ഷിക്കാനുള്ള നീക്കമാണ് ഒക്ടോബർ രണ്ട് ഗാന്ധിജയന്തിദിനത്തിൽ കേരളത്തിൽ ആരംഭിക്കുന്ന ലഹരി വിമുക്ത ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി സേനാംഗങ്ങളെ അഭിവാദ്യം ചെയ്തു പറഞ്ഞു.

മയക്കുമരുന്ന് വലിയ രീതിയിൽ നാട്ടിൽ വ്യാപിക്കുന്നുണ്ട്. യുവതയെ ഇരയാക്കാനുള്ള വലിയ നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിന് തടയിടാനായി പൊലീസും എക്സൈസ് ഡിപ്പാർട്ട്മെന്റും അതിന്റേതായ പ്രത്യേക ചുമതലകൾ നിർവഹിക്കേണ്ടതുണ്ടെന്നും അക്കാര്യത്തിൽ പൊലീസ് സേന വളരെ ഫലപ്രദമായ നീക്കങ്ങൾ കൈകൊണ്ട് കഴിഞ്ഞുവെന്നും കേരളത്തിലെ ഓരോ പ്രദേശത്തെയും മയക്കുമരുന്ന് വിരുദ്ധമാക്കാൻ ഒന്നിച്ചു നിൽക്കാമെന്നും മുഖ്യമന്ത്രി കൂട്ടി ചേർത്തു. 

ഇന്ത്യാ റിസർവ് ബറ്റാലിയനിൽ നിന്ന് 74 പേരും സംസ്ഥാന സായുധ പൊലീസ് ബറ്റാലിയനുകളിൽ നിന്നുള്ള 46 പേരുമുൾപ്പടെ 120 പേരാണ് പരിശീലനം പൂർത്തിയാക്കി കർമ്മ പഥത്തിലേക്കിറങ്ങിയത്. 18 മാസം നീണ്ടു നിന്ന പരിശീലനം പൂർത്തിയാക്കിയവരാണ് ഐ.ആർ.ബി സ്കോർപിയോൺ വിങ്ങിലെ 74 പേർ. കേരള ആംഡ് പൊലീസ് ബറ്റാലിയൻ 1,2,4,5 ,എം.എസ്.പി, എസ്.എ.പി ബറ്റാലിയനുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 46പേർ ക്ലാരി ആർ.ആർ.ആർ.എഫ് ക്യാമ്പിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയാണ് പൊലീസ് സേനയുടെ ഭാഗമാകുന്നത്.

 സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്‌ ചടങ്ങിൽ ഓൺലൈൻ മുഖേന പങ്കെടുത്തു. ഐ.ആർ.ബി ക്യാമ്പിൽ നടന്ന ചടങ്ങിൽ ബറ്റാലിയൻ എ.ഡി.ജി.പി എം.ആർ അജിത്ത് കുമാർ സെല്യൂട്ട് സ്വീകരിച്ചു. ഡി.ഐ.ജി രാജ്പാൽ മീണ, ക്യാമ്പ് കമാണ്ടൻറ് പദം സിംഗ്, ഡെപ്യൂട്ടി കമാണ്ടൻ്റുമാരായ എസ്.മണികണ്ഠൻ, രാജേഷ്, ഹരി,പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.റാബിയത്ത്, സ്ഥിരം സമിതി അധ്യക്ഷൻ പി.ആർ. രോഹിൽ നാഥ്, മറ്റു അംഗങ്ങൾ, സേനാംഗങ്ങളുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.റഹ്മ സ്കൂളിലെ വിദ്യാർഥികൾ പ്രത്യേക ക്ഷണിതാക്കളായിരുന്നു.

error: Content is protected !!