Monday, July 14

നിമിഷപ്രിയയ്ക്കായി കാന്തപുരം ; തലാലിന്റെ കുടുംബവുമായി ചര്‍ച്ച

കോഴിക്കോട്: യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ചര്‍ച്ച നടക്കുകയാണ്. കാന്തപുരവുമായി ബന്ധമുള്ള യമനി പൗരന്‍ ആണ് ചര്‍ച്ച നടത്തുന്നത്. തലാലിന്റെ കുടുംബം ബ്ലഡ് മണി സ്വീകരിച്ച് നിമിഷ പ്രിയക്ക് മാപ്പ് നല്‍കണം എന്നാണ് ചര്‍ച്ചയിലെ നിര്‍ദേശം. വധശിക്ഷ നടപ്പിലാക്കാന്‍ 2 ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് നിര്‍ണായക നീക്കങ്ങള്‍ നടക്കുന്നത്.

നോര്‍ത്ത് യമനില്‍ നടക്കുന്ന അടിയന്തിര യോഗത്തില്‍ ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്‌മാന്‍ അലി മഷ്ഹൂര്‍, യമന്‍ ഭരണകൂട പ്രതിനിധികള്‍, ജിനായത് കോടതി സുപ്രീം ജഡ്ജ്, തലാലിന്റെ സഹോദരന്‍, ഗോത്ര തലവന്മാര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഇന്നലെയാണ് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ വിഷയത്തില്‍ ഇടപെട്ടത്.

2017 ജൂലൈ 25ന് യെമനില്‍ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൌരന്‍ തലാല്‍ അബ്ദുമഹദിയെയാണ് അമിത ഡോസ് മരുന്നു കുത്തിവച്ച് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു. നിമിഷ പ്രിയയുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷ പറഞ്ഞത്.

അതേസമയം, നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. ഒഴിവാക്കാന്‍ പരമാവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും ദയാധനം സ്വീകരിക്കുന്നതില്‍ കേന്ദ്രത്തിന് ഇടപെടാന്‍ പരിമിതിയുണ്ടെന്നും എജി സുപ്രീംകോടതിയെ അറിയിച്ചു. വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി പറഞ്ഞു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രത്തിന് കോടതി നിര്‍ദ്ദേശം നല്‍കി. കേസ് വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി.

error: Content is protected !!