വിരല്‍ തൊട്ടാല്‍ വിരിയും വാക്കുകളുമായി ‘കിഡ് സ്പീക് പ്രൊ’; സംസാര ശേഷിയില്ലാത്ത കുട്ടികള്‍ക്കായി ഐ.ഇ.ടിയുടെ കണ്ടെത്തല്‍

തേഞ്ഞിപ്പലം : സംസാര ശേഷി പ്രശ്നങ്ങളുള്ള കുട്ടികള്‍ക്ക് ആശയവിനിമയത്തിന് സഹായിക്കുന്ന ഇലക്ട്രോണിക് ബോര്‍ഡുമായി കാലിക്കറ്റ് സര്‍വകലാശാലാ എന്‍ജിനീയറിങ് കോളേജിലെ (ഐ.ഇ.ടി.). വിദ്യാര്‍ഥികള്‍. ഭിന്നശേഷിക്കാരായ കുട്ടികളുടെ സമഗ്ര വികസനത്തിനായി സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്മെന്റ് ആന്‍ഡ് റീഹാബിലിറ്റേഷന്‍ (സി.ഡി.എം.ആര്‍.പി.) കേന്ദ്രത്തിന് വേണ്ടിയാണ് ഉപകരണം വികസിപ്പിച്ചിരിക്കുന്നത്. ‘കിഡ് സ്പീക് പ്രൊ’ എന്നു പേരിട്ട ഉപകരണം പുതുതായി കോളേജില്‍ ചേര്‍ന്നവര്‍ക്കുള്ള സ്വാഗതച്ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പുറത്തിറക്കി. സി.ഡി.എം.ആര്‍.പി. ഡയറക്ടര്‍ ഡോ. കെ. മണികണ്ഠന്‍ ഏറ്റുവാങ്ങി. ഐ.ഇ.ടിയില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് കഴിഞ്ഞിറങ്ങിയ കെ. ഫാത്തിമ ഫിദ, സി. ശ്രിയ, എസ്. ശിവപ്രിയ, നിന ബേബി എന്നിവരാണ് പദ്ധതിക്ക് പിന്നില്‍. അധ്യാപികയായ കെ. മേഘദാസ്, സി.ഡി.എം.ആര്‍.പിയിലെ സ്പീച്ച് തെറാപ്പിസ്റ്റ് അഞ്ജുഷ എന്നിവര്‍ നിര്‍ദേശങ്ങള്‍ നല്‍കി. ചിത്രങ്ങളടങ്ങിയ ബോര്‍ഡിലെ ബട്ടണുകള്‍ അമര്‍ത്തിയാല്‍ അത് മലയാളത്തില്‍ വാക്കുകളായി പുറത്തുവരും. ഒന്നിച്ച് വാചകമാക്കി മാറ്റുകയും ചെയ്യാം. ചെറിയ കുട്ടികള്‍ ആംഗ്യഭാഷ പഠിച്ചെടുക്കും മുമ്പേ തന്നെ ആശയവിനിമയത്തിന് സഹായിക്കുന്നതാണ് ഉപകരണം. നിലവില്‍ മൊബൈല്‍ ഫോണുകളില്‍ ഇത്തരം ആപ്പുകളുണ്ടെങ്കിലും തെറാപ്പി കേന്ദ്രങ്ങളില്‍ വേണ്ടത്ര പ്രയോജനപ്പെടുന്നില്ല. പലതും പണം കൊടുത്ത് സബ്സ്‌ക്രൈബ് ചെയ്യേണ്ടവയാണ്. കുട്ടികളെ ചെറുപ്പത്തിലേ മൊബൈല്‍ ഉപയോഗം ശീലിപ്പിക്കുന്നത് മൊബൈലിന് അടിമപ്പെടാനും സാധ്യതയുണ്ടാക്കുന്നു. സ്പര്‍ശന ശേഷി പ്രശ്നമുള്ളവര്‍ക്ക് ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഉപയോഗിക്കാനും കഴിയില്ല. തെറാപ്പി കേന്ദ്രങ്ങളില്‍ കുട്ടികളെ പഠിപ്പിക്കാന്‍ ലക്ഷ്യമിടുന്നതാണ്  ‘കിഡ് സ്പീക് പ്രൊ’ കുട്ടികളുടെ ആവശ്യം കണക്കിലെടുത്ത് കൂടുതല്‍ വാക്കുകള്‍ ഇതിലുള്‍പ്പെടുത്താനാകും. ബോര്‍ഡില്‍ സ്വന്തം ചിത്രങ്ങളോ രക്ഷിതാക്കളുടെ ശബ്ദമോ ഉപയോഗിക്കാനും കഴിയും. പതിനയ്യായിരത്തോളം രൂപയാണ് ചെലവ് വന്നത്. ഐ.ഇ.ടിയിലെ ടെക്നോളജി ബിസിനസ് ഇന്‍ക്യുബേറ്ററിന്റെ സഹായത്തോടെ വ്യക്തിഗത ആവശ്യങ്ങള്‍ക്കായി ചെറിയ വലുപ്പത്തിലുള്ളതും കൂടുതല്‍ ഫീച്ചറുകളുള്ളതുമായ കിഡ് സ്പീക് പ്രൊ ബോര്‍ഡുകള്‍ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് സംഘം. ചടങ്ങില്‍ രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അധ്യക്ഷനായി. പ്രിന്‍സിപ്പില്‍ ഡോ. സി. രഞ്ജിത്ത്, പി.ടി.എ. വൈസ് പ്രസിഡന്റ് എ. ദിനേശ് കുമാര്‍, അസി. രജിസ്ട്രാര്‍ ഒ.സി. ശശി എന്നിവര്‍ സംസാരിച്ചു.

error: Content is protected !!