
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. പാപ്പനംകോട് ഡിപ്പോയിലെ ഡിപ്പോ എന്‍ജിനീയറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരൂരങ്ങാടി ചെമ്മാട് തൃക്കുളം സ്വദേശി വടക്കേ പുരക്കൽ പരേതനായ ദാമോദരന്റെ മകൻ മനോജ് കുമാർ (50) ആണ് മരിച്ചത്.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഡിപ്പോയില്‍ ഇദ്ദേഹം താമസിച്ചിരുന്ന മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സഹപ്രവര്‍ത്തകരാണ് മൃതദേഹം കണ്ടത്.
കണ്ണൂര്‍ ഡിപ്പോ എന്‍ജിനീയറായിരുന്ന മനോജിനെ കുറച്ചുദിവസങ്ങള്‍ക്കു മുന്‍പാണ് തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റിയത്. അച്ചടക്ക നടപടിയുടെ ഭാഗമായായിരുന്നു ഈ സ്ഥലംമാറ്റം. ഒരാഴ്ച മുന്‍പാണ് ഇദ്ദേഹം ഇവിടെയെത്തി ചുമതല ഏറ്റെടുത്തത്. എന്നാല്‍ അതിനു ശേഷം ആളുകളോടൊന്നും അധികം സംസാരിക്കാന്‍ മനോജ് തയ്യാറായിരുന്നില്ല എന്നാണ് വിവരം.
കഴിഞ്ഞദിവസം കണ്ണൂരിലേക്ക് പോയ മനോജ് ചെമ്മാട്ടെ വീട്ടിലും പോയിരുന്നു. ശേഷം തിരുവനന്തപുരത്തേക്ക് തിരിച്ചുവരികയായിരുന്നു. ആത്മഹത്യക്കു പിന്നിലെ കാരണങ്ങളെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്.
മനോജ് വീട് വെക്കുന്നുണ്ടായിരുന്നു. ഇതിന്റെ വായ്പ ആവശ്യങ്ങള്‍ക്കായി ബാങ്കില്‍ ചെന്നപ്പോള്‍ കെ.എസ്.ആര്‍.ടി.സി. ജീവനക്കാരന്‍ ആയതിനാല്‍ വായ്പ തരാനാകില്ലെന്ന് ബാങ്കില്‍നിന്ന് പറഞ്ഞിരുന്നെന്ന് മനോജിന്റെ സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നുണ്ട്. ബാങ്കിന്റെ ഈ നിലപാടില്‍ മനോജിന് വിഷമം ഉണ്ടായിരുന്നെന്നും സഹപ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ഇതാണോ ആത്മഹത്യയ്ക്ക് കാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ല.
മാതാവ്, അമ്മിണി. ഭാര്യ, ബിജിത (ഓട്ടോ ടാക്സി കോ ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി), മക്കൾ, നവനീത്, ചൈത്ര ലക്ഷ്മി.