കുമ്മന്‍തൊടു പാലം പുനര്‍ നിര്‍മ്മാണം- ഇഴഞ്ഞു നീങ്ങുന്ന പ്രവൃത്തിക്കെതിരെ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു

പറമ്പിൽപീടിക / പടിക്കല്‍. :

പെരുവള്ളൂര്‍, മുന്നിയൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പടിക്കല്‍ കുമ്മന്‍തൊടു പാലത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവൃത്തികള്‍ ബഹുഭൂരിഭാഗവും പൂര്‍ത്തിയായിട്ടും ശേഷിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിലെ അലംഭാവത്തില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ ജകീയ പ്രതിഷേധ സംഗമം സംഘടിപ്പിച്ചിച്ചു. പാലത്തിന്റെ മുഖ്യ പ്രവൃത്തിയായ സ്ലാബിന്റെ വര്‍ക്കുകള്‍ മാസങ്ങള്‍ക്ക് മുന്നേ പൂര്‍ത്തിയായിട്ടുണ്ട്. ശേഷം നടക്കുന്ന അപ്രോച്ച് റോഡ്, സൈഡ് കെട്ടല്‍ എന്നീ പ്രവൃത്തികളുടെ വേഗത നന്നേ കുറവാണ്. വളരെ ചുരുങ്ങിയ എണ്ണം തൊഴിലാളികള്‍, ആവശ്യത്തിനു മെറ്റീരിയലുകള്‍ പോലുമില്ലാതെയാണ് നിലവിലെ വര്‍ക്ക് നടന്നു കൊണ്ടിരിക്കുന്നത്. ആഴ്ചയില്‍ എല്ലാ ദിവസങ്ങളിലും പ്രവൃത്തി നടക്കാത്ത അവസ്ഥ.

സ്ലാബ് വര്‍ക്കിനു ശേഷം കേവലം ഒന്നോ രണ്ടോ മാസം കൊണ്ട് പൂര്‍ത്തിയാക്കാവുന്ന പ്രവൃത്തികള്‍ ഇങ്ങനെ അനിശ്ചിതമായി നീട്ടിക്കൊണ്ട് പോവുന്നത് പൊതുജനത്തെ ബുദ്ധിമുട്ടിലാക്കുന്ന നടപടിയാണെന്നും, കൂടുതല്‍ തൊഴിലാളികളെ ഉപയോഗപ്പെടുത്തി, സാങ്കേതിക സംവിധാനങ്ങളുടെ സഹായത്താല്‍ പ്രവൃത്തികള്‍ പരമാവധി വേഗത്തില്‍ പൂര്‍ത്തിയാക്കി പ്രദേശത്ത ജനങ്ങളുടെ യാത്രാ പ്രയാസം അകറ്റണമെന്നും പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു.

പാലം പുനര്‍നിര്‍മ്മാണത്തിന് വേണ്ടി രണ്ടായിരത്തി ഇരുപത്തിയൊന്ന് ഡിസംബര്‍ ആറാം തിയ്യതിയാണ് ഇതുവഴിയുള്ള ഗതാഗതം അവസാനിപ്പിച്ചത്. ഉപജീവനത്തിനായി ദിനേന ജോലിക്കു പോവുന്നവരും, വിദ്യാര്‍ത്ഥികളുമടക്കം നൂറുകണക്കിനു യാത്രക്കാര്‍ ആശ്രയിക്കുന്ന ഈ വഴി അടഞ്ഞതോടെ ബദല്‍ സംവിധാനം ഒരുക്കണമെന്ന് പ്രദേശ വാസികള്‍ നേരത്തെ ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല.

നിര്‍മ്മാണ കമ്പനിയുമായുള്ള കരാര്‍ പ്രകാരം പ്രവൃത്തി പൂര്‍ത്തികരണത്തിന് ഇനിയും സമയം അവശേഷിക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ സമയ,സാമ്പത്തീക നഷ്ടം മനസ്സിലാക്കി ഉടനെ ഗതാഗത യോഗ്യമാക്കണം. താത്കാലിക കരാര്‍ കാലാവധിയേക്കാള്‍ വില ജനങ്ങളുടെ സമയത്തിനും സമ്പത്തിനുമാണെന്ന് ബന്ധപ്പെട്ടവര്‍ മനസ്സിലാക്കണം. സാങ്കേതിക തടസ്സങ്ങല്‍ നിരത്തി പ്രവൃത്തി പൂര്‍ത്തീകരണം ഇനിയും വൈകരുത്. ഔദ്യോഗിക ഉദ്ഘാടനത്തിനും മറ്റുമായി കൂടുതല്‍ സമയം കാത്തിരിക്കുന്നതും ജനങ്ങളുടെ പ്രയാസങ്ങള്‍ വര്‍ദ്ധിപ്പിക്കും. ഈ കാര്യങ്ങള്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഗൗരവത്തിലെടുക്കണം.

വരും ദിവസങ്ങളില്‍ പ്രവൃത്തിയില്‍ കാര്യമായ പുരോഗതിയില്ലെങ്കില്‍ കൂടുതല്‍ തുടര്‍ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോവാനും തീരുമാനിച്ചു.

പാലം പരിസത്ത് നടന്ന പ്രതിഷേധ സംഗമം സലാം പടിക്കല്‍ ഉദ്ഘാടനം ചെയ്തു. പി. കെ ശിഹാബ് അധ്യക്ഷത വഹിച്ചു. വിവിധ സംഘടനാ പ്രതിനിധികള്‍ ഐക്യദാര്‍ഢ്യം അറിയിച്ച് സംസാരിച്ചു. ശിഹാബ് അഞ്ചാലന്‍ നന്ദി പറഞ്ഞു.

_ജനകീയ ആക്ഷൻ കൗൺസിൽ.
കുമ്മൻ തൊടു പാലം

error: Content is protected !!