
തൃശൂര്‍ : കുന്നംകുളം സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കസ്റ്റഡിയിലെടുത്ത് മര്‍ദിച്ച സംഭവത്തില്‍ പ്രതിപ്പട്ടികയിലുള്ള 4 പൊലീസ് ഉദ്യോഗസ്ഥരേയും സസ്‌പെന്റ് ചെയ്തു. എസ് ഐ നുഹ്‌മാന്‍ , സിപി ഒമാരായ ശശിധരന്‍, കെജെ സജീവന്‍, എസ് സന്ദീപ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്ത് ഉത്തരവിറങ്ങിയത്. ഇവര്‍ക്കെതിരെ വകുപ്പുതല പുനരന്വേഷണത്തിനും ഉത്തരവിട്ടു. എല്ലാ രേഖകളും ഹാജരാക്കാന്‍ ഐജി രാജ്പാല്‍മീണയാണ് ഉത്തരവിട്ടത്. പൊലീസുകാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാവുമെന്ന് ഇന്നലെ ഡിജിപി റാവഡാ ചന്ദ്രശേഖര്‍ പ്രതികരിച്ചിരുന്നു.
തൃശ്ശൂര്‍ റേഞ്ച് ഡിഐജി ഉത്തരമേഖല ഐജിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ സസ്‌പെന്‍ഷന് ശുപാര്‍ശ ചെയ്തിരുന്നു. അച്ചടക്ക നടപടി പുനപരിശോധിക്കാനും നിര്‍ദേശിച്ചിരുന്നു. ഡിഐജി ഹരിശങ്കറാണ് ഉത്തമേഖല ഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. 4 പൊലീസുകാര്‍ക്കെതിരെ കോടതി ക്രിമിനല്‍ കേസെടുത്തിട്ടുണ്ടെന്നും അതിനാല്‍ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഡിഐജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം, സസ്‌പെന്‍ഷനല്ല, അവരെ പിരിച്ചുവിടണമെന്നാണ് സുജിത് ആവശ്യപ്പെടുന്നത്.