
ഓണത്തോടനുബന്ധിച്ച് വിപണിയിലെ ക്രമക്കേടുകള്‍ തടയാനും ഉപഭോക്താക്കളെ ചൂഷണങ്ങളില്‍ നിന്ന് സംരക്ഷിക്കാനും നടപടിയുമായി ലീഗല്‍ മെട്രോളജി വകുപ്പ്. ജില്ലയിലെ മുഴുവന്‍ താലൂക്കുകളിലും ആഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ നാല് വരെ പരിശോധന നടത്തും. രണ്ട് സ്‌കാഡുകളായി നടത്തുന്ന പരിശോധനയില്‍ താഴെ പറയുന്ന ക്രമക്കേടുകള്‍ പരിശോധിക്കും. ഉപഭോക്താക്കള്‍ക്ക് ഇത്തരം ക്രമക്കേടുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ ലീഗല്‍ മെട്രോളജി വകുപ്പില്‍ പരാതിപ്പെടാം.
- അളവുതൂക്ക ഉപകരണങ്ങള്‍ യഥാസമയം മുദ്രപതിപ്പിക്കാതെ വ്യാപാരാവശ്യത്തിനായി ഉപയോഗിക്കുക.
- അളവുതൂക്ക ഉപകരണങ്ങള്‍ മുദ്രപതിപ്പിച്ച സര്‍ട്ടിഫിക്കറ്റുകള്‍ സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കാതിരിക്കുക.
- അളവ് തൂക്കം/എണ്ണം എന്നിവ കുറവായി ഉല്‍പ്പന്നം വില്‍പ്പന നടത്തുക.
- ഉല്‍പ്പന്നങ്ങള്‍ക്ക് നിശ്ചയിച്ച വിലയേക്കാള്‍ അധികം ഈടാക്കുക.
- പായ്ക്ക് ചെയ്ത ഉല്‍പ്പന്നങ്ങളുടെ പാക്കേജുകളില്‍ നിയമപ്രകാരം ആവശ്യമായ പ്രഖ്യാപനങ്ങളായ നിര്‍മ്മാതാവിന്റെ/ഇറക്കുമതി ചെയ്ത ആളിന്റെ പൂര്‍ണ്ണമായ മേല്‍വിലാസം, ഉല്‍പ്പന്നത്തിന്റെ പേര്, ഉല്‍പ്പന്നത്തിന്റെ അളവ്/തൂക്കം/എണ്ണം.
- ഉല്‍പ്പന്നത്തിന്റെ പരമാവധി ചില്ലറ വില്‍പ്പന വില (എം.ആര്‍. പി), ഉല്‍പ്പന്നത്തിന്റെ ഒരുഗ്രാം ഒരുമില്ലി ലിറ്റര്‍/ഒരു എണ്ണത്തിന്റെ വില (യു.എസ്.പി).
- ഉല്‍പ്പന്നം നിര്‍മ്മിച്ച മാസം, വര്‍ഷം, ബെസ്റ്റ് ബിഫോര്‍ യൂസ്/യൂസ് ബൈ ഡേറ്റ്.
- ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കുന്നതിനുള്ള ഫോണ്‍നമ്പര്‍, ഇ-മെയില്‍ അഡ്രസ്സ്.
- ഇറക്കുമതി ചെയ്ത ഉല്‍പ്പന്നമാണെങ്കില്‍ ഉല്‍പ്പന്നം നിര്‍മ്മിച്ച രാജ്യത്തിന്റെ പേര് എന്നിവ രേഖപ്പെടുത്താതിരിക്കുക.
- പാക്കേജില്‍ രേഖപ്പെടുത്തിയ തൂക്കത്തേക്കാള്‍ കുറവായി ഉല്‍പ്പന്നം പായ്ക്ക് ചെയ്യുക.
- പാക്കേജില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ അധികവില ഈടാക്കുക.
- പാക്കേജില്‍ രേഖപ്പെടുത്തിയിട്ടുള്ള വില മായ്ക്കുകയോ മറയ്ക്കുകയോ ചെയ്യുക, തിരുത്തുക, ഉയര്‍ന്ന വിലയുടെ സ്റ്റിക്കര്‍ പതിക്കുക.
- എല്‍പിജി വിതരണ വാഹനത്തില്‍ തൂക്ക ഉപകരണം സൂക്ഷിക്കാതിരിക്കുക.
- എല്‍പിജി തൂക്കത്തില്‍ കുറവായി വിതരണം ചെയ്യുക.
- പമ്പുകളില്‍ പെട്രോള്‍/ഡീസല്‍ അളവില്‍ കുറവായി വില്‍പ്പന നടത്തുക.
- എല്‍പിജി സിലിണ്ടര്‍ വിതരണ വാഹനത്തിലെ തൂക്ക ഉപകരണത്തില്‍ തൂക്കിക്കാണിക്കുവാന്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യപ്പെടാം.
- പമ്പുകളില്‍ സൂക്ഷിച്ചിട്ടുള്ളതും ലീഗല്‍ മെട്രോളജി വകുപ്പ് മുദ്രപതിപ്പിച്ച് നല്‍കിയിട്ടുളളതുമായ 5 ലിറ്റര്‍ അളവ് പാത്രത്തില്‍ ഇന്ധനം അളന്ന് കാണിക്കുവാന്‍ ആവശ്യപ്പെടാം.
ക്രമക്കേടുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ ലീഗല്‍ മെട്രോളജി വകുപ്പില്‍ പരാതിപ്പെടാം. അളവില്‍ കുറവ് കാണുന്ന പക്ഷം സെപ്തംബര്‍ നാല് വരെ മഞ്ചേരി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഓഫീസില്‍ ലീഗല്‍ മെട്രോളജി നിയമലംഘനങ്ങള്‍ സംബന്ധിച്ച പരാതികള്‍ നല്‍കാം.