ലോക്സഭാ തിരഞ്ഞെടുപ്പ്: പൊതു നിരീക്ഷകരും പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി

മലപ്പുറം : ലോക്സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകരും മലപ്പുറം ജില്ലയിൽ എത്തി. മലപ്പുറം മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി മണ്ഡലത്തില്‍ പുല്‍കിത് ആര്‍.ആര്‍ ഖരേയുമാണ് പൊതു നിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥരാണ് ഇവർ. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. പൊതുതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച പ്രശാന്ത് കുമാര്‍ സിന്‍ഹയും (പൊന്നാനി) ആദിത്യ സിങ് യാദവും (മലപ്പുറം) നേരത്തെ ജില്ലയിലെത്തിട്ടുണ്ട്.

ജില്ലയിലെത്തിയ നിരീക്ഷകര്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്, ജില്ലാ പൊലീസ് മേധാവി ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തുന്നതിനായിരുന്നു കൂടിക്കാഴ്ച. സുതാര്യവും സുഗമവുമായി തിരഞ്ഞെടുപ്പ് നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ ജില്ലയില്‍ ഒരുക്കിയതായി കളക്ടര്‍ നിരീക്ഷകരെ അറിയിച്ചു. അനധികൃത പണമിടപാട്, ആയുധക്കടത്ത്, ലഹരിക്കടത്ത് എന്നിവയും പെരുമാറ്റചട്ടലംഘനവും കണ്ടെത്തുന്നതിനായി വിവിധ സ്ക്വാഡുകളുടെയും വിവിധ സേനകളുടെയും നേതൃത്വത്തില്‍ കര്‍ശനമായ പരിശോധന ജില്ലയില്‍ നടന്നു വരുന്നതായും കളക്ടര്‍ നിരീക്ഷകരെ അറിയിച്ചു. അസി. കളക്ടര്‍ കുമാര്‍ ഠാക്കൂര്‍, പൊന്നാനി വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റുമായ കെ. മണികണ്ഠന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്. ബിന്ദു എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം, മാധ്യമങ്ങളെ നിരീക്ഷിക്കുന്നതിനും രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളുടെയും ഇലക്ട്രോണിക് മാധ്യമങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി നല്‍കുന്നതിനുമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് സെല്‍ (എം.സി.എം.സി) എന്നിവയും നിരീക്ഷകര്‍ സന്ദര്‍ശിച്ചു.

പൊതുജനങ്ങള്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും നേരിട്ടും ഫോണ്‍ മുഖേനയും നിരീക്ഷകരെ ബന്ധപ്പെടാം.

നിരീക്ഷകരുടെ ഓഫീസും ബന്ധപ്പെടേണ്ട നമ്പറുകളും ഇ-മെയില്‍ വിലാസവും

പൊന്നാനി മണ്ഡലം—

പൊതുനിരീക്ഷകൻ – പുൽകിത് ആർ ആർ ഖരേ, ക്യാമ്പ് ഓഫീസ് : റൂം നമ്പർ 7 കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൗസ് തേഞ്ഞിപ്പലം, ഫോണ്‍: 7012441045, ഇ-മെയിൽ: generalobserverpni@gmail.com

പൊലിസ് നിരീക്ഷകൻ- വിശ്വാസ്‌ ഡി പണ്ഡാരേ, ക്യാമ്പ് ഓഫീസ്: റൂം നമ്പർ 9 കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൗസ് തേഞ്ഞിപ്പലം, ഫോണ്‍:6282392921, ഇ-മെയിൽ: policeobserverponnani@gmail.com

മലപ്പുറം മണ്ഡലം—

പൊതുനിരീക്ഷകൻ – അവദേശ് കുമാർ തിവാരി, ക്യാമ്പ് ഓഫീസ്: റൂം നമ്പർ 5 കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൗസ് തേഞ്ഞിപ്പലം, ഫോണ്‍: 9446391984, ഇ-മെയിൽ:generalobservermpm@gmail.com

പൊലിസ് നിരീക്ഷകൻ- ഡോ. ബന്‍വര്‍ ലാൽ മീണ, ക്യാമ്പ് ഓഫീസ്: റൂം നമ്പർ 6 കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൗസ് തേഞ്ഞിപ്പലം , ഫോണ്‍: 7907123428, ഇ-മെയിൽ:policeobservermpmkkd@gmail.com.

error: Content is protected !!