പൊന്നാനി : ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി ലഹരി കടത്ത് കേസ്സുകളിലും, മോഷണ കേസുകളിലും പ്രതിയായ കുപ്രസിദ്ധ കുറ്റവാളി പൊന്നാനി ഈശ്വരമംഗലം ഗുലാബ് നഗർ സ്വദേശി തുറക്കൽ വീട്ടിൽ അലി മകൻ അഷ്ക്കർ അലി (36) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
മലപ്പുറം ജില്ലാ പോലിസ് മേധാവി സുജിത്ത് ദാസ്. എസ്. ഐ പി എസിന്റെ സ്പെഷ്യൽ റിപ്പോർട്ട് പ്രകാരം മലപ്പുറം ജില്ലാ കളക്ടർ ആണ് ഉത്തരവിറക്കിയത്. അഷ്ക്കർ അലിക്കെതിരെ രജിസ്റ്റർ ചെയ്ത അവസാന കേസ്സിൽ നിന്നായി വലിയ അളവിൽ കഞ്ചാവും ഹാഷിഷ് ഓയിലും പോലീസ് പിടികൂടിയിരുന്നു. ഈ കേസ്സിൽ രണ്ട് മാസം മുമ്പാണ് ഇയാൾ ജയിലിൽ നിന്നും ഇറങ്ങിയത്.
പൊന്നാനി, കുറ്റിപ്പുറം എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലെ വിവിധ പ്രദേശങ്ങളിലായി മയക്കുമരുന്നായ കഞ്ചാവ്, ഹാഷിഷ് ഓയിൽ എന്നിവ വിൽപ്പന നടത്തുക, കവർച്ച, സ്ത്രീകളെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തുക, മാരകായുധങ്ങൾ കൈവശം വെയ്ക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പ്രതിയായ അഷ്ക്കർ അലി ജില്ലയിലെ മയക്കുമരുന്ന് വിതരണക്കാരിൽ പ്രധാനിയാണ്. കാപ്പ – 3 നിയമ പ്രകാരം അറസ്റ്റ് ചെയ്ത ഇയാളെ വിയ്യൂർ സെൺട്രൽ ജയിലിൽ ഹാജരാക്കി തടങ്കലിലാക്കി. 6 മാസത്തേക്കാണ് തടവ്.
ലഹരിമാഫിയയിൽ നിന്നും സമൂഹത്തെ മോചിപ്പിക്കുന്നതിനും കുറ്റകൃത്യങ്ങൾ തടയുന്നതിനുമായി ഇത്തരക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചു വരികയാണെന്നും ജില്ലയിൽ ഈ വർഷം നിരവധി കേസ്സുകളിൽ പ്രതികളായിട്ടുള്ള 8 പേരെ കാപ്പ നിയമപ്രകാരം തടങ്കലിലാക്കുകയും, 25 പേരെ ജില്ലയിൽ പ്രവേശന വിലക്കേർപ്പെടുത്തി നാടുകടത്തുകയും ചെയ്തതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.
പൊന്നാനി സബ് ഇൻസ്പക്ടർ നവീൻ ഷാജ് ൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.