മലപ്പുറം: പൂക്കോട്ടൂര്‍ അറവങ്കരയില്‍ സ്വര്‍ണ വ്യാപാരിയായ തമിഴ്‌നാട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി 19.5 ലക്ഷം രൂപ കവര്‍ന്ന കേസില്‍ മുഖ്യപ്രതികള്‍ പിടിയില്‍. കണ്ണൂര്‍ തില്ലങ്കേരി സ്വദേശികളായ വട്ടപ്പറമ്പ് കൃഷ്ണകൃപയില്‍ രതീഷ് (30), ഉളിയില്‍ കിഴക്കോട് കെ.കെ.വരുണ്‍(30) എന്നിവരെയാണ് തില്ലങ്കേരിയില്‍നിന്ന് അറസ്റ്റ് ചെയ്തത്. ഈ കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശികളായ അജ്മല്‍ (47), ജിഷ്ണു (24), ഷിജു (47) എന്നിവരെയും പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച കണ്ണൂര്‍ സ്വദേശി ജിഷ്ണു (24), തൃശൂര്‍ സ്വദേശി സുജിത് (37) എന്നിവരെയും നേരത്തെ അറസ്റ്റു ചെയ്തിരുന്നു. 3 പേരെ പിടികിട്ടാനുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി.
മധുരയിലെ കാമരാജന്‍ സാലെയിലെ ജ്വല്ലറി ഉടമയായ ആര്‍ ബാലസുബ്രഹ്‌മണ്യം മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കു നല്‍കിയ പരാതിയിലാണു മഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. കഴിഞ്ഞ മാര്‍ച്ച് 16ന് പുലര്‍ച്ചെ 5.12നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജ്വല്ലറിയിലേക്ക് സ്വര്‍ണം വാങ്ങാനായി ബാലസുബ്രഹ്‌മണ്യം പൂക്കോട്ടൂര്‍ അറവങ്കരയില്‍ ടൂറിസ്റ്റ് ബസിലെത്തിയപ്പോള്‍ കാറിലെത്തിയ കണ്ണൂര്‍ സ്വദേശികളായ നാലംഗ സംഘം കവര്‍ച്ച നടത്തുകയായിരുന്നു. തമിഴ്‌നാട് സ്വദേശി സ്വര്‍ണം വാങ്ങാന്‍ ടൂറിസ്റ്റ് ബസില്‍ 19,50,000 രൂപയുമായി വരുന്നുണ്ട് എന്ന് പ്രതികളിലൊരാളായ അജ്മലിന് വിവരം കിട്ടിയിരുന്നു. അജ്മല്‍ ഈ കാര്യം ജിഷ്ണുമായി ആലോചിച്ചു. ജിഷ്ണു ഷിജു മുഖേന കണ്ണൂരില്‍ നിന്നും നാല് പ്രതികളെ പരിചയപ്പെടുത്തി കൊടുത്തു. ഇവരാണ് പണം തട്ടിയെടുത്തത്.
ജില്ലാ പൊലീസ് മേധാവി എസ് ശശിധരന്റെയും മലപ്പുറം ഡിവൈഎസ്പി ടി മനോജിന്റെയും നിര്‍ദേശ പ്രകാരം മഞ്ചേരി പൊലീസ് ഇന്‍സ്പെക്ടര്‍ കെ എം ബിനീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. എസ് ഐ ബെന്നിപോളാണ് പ്രതികളെ പിടികൂടിയത്. അന്വേഷണ സംഘത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ അനീഷ് ചാക്കോ, റിയാസ്, സ്‌ക്വാഡ് അംഗങ്ങളായ ഐ കെ ദിനേശ്, മുഹമ്മദ് സലീം, കെ കെ ജസീര്‍, ഷഹേഷ് രവീന്ദ്രന്‍, ശിഫ്‌ന, കൃഷ്ണദാസ് എന്നിവരും ഉണ്ടായിരുന്നു.