രണ്ട് മാസത്തിനകം എല്ലാവര്‍ക്കും കരുതല്‍ ഡോസ്; പ്രതിരോധ കുത്തിവെപ്പിനോട് വിമുഖത കാണിക്കരുതെന്ന് ജില്ലാകലക്ടര്‍

സെപ്തംബര്‍ 30 വരെ മാത്രം ഡോസ് സൗജന്യം

സെപ്തംബര്‍ 20 ന് മുമ്പ് ജില്ലയില്‍ മുഴുവന്‍ ആളുകള്‍ക്കും കോവിഡ് കരുതല്‍ ഡോസ് നല്‍കുമെന്ന് ജില്ലാകലക്ടര്‍ വി.ആര്‍ പ്രേം കുമാര്‍ പറഞ്ഞു. സെപ്തംബര്‍ 30 വരെ മാത്രമേ കരുതല്‍ ഡോസ് സൗജന്യമായി ലഭിക്കൂ. അതിനുമുമ്പ് എല്ലാവരും പ്രതിരോധ വാക്സിന്‍ സ്വീകരിക്കണമെന്നും കലക്ടര്‍ ഓര്‍മിപ്പിച്ചു. സംസ്ഥാനത്തെ കോവിഡ് പ്രതിരോധം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി ചേര്‍ന്ന  അവലോകനയോഗത്തിന് ശേഷം ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.
 
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ജില്ലാതലത്തില്‍ സെല്‍ രൂപീകരിക്കാന്‍ കലക്ടര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പഞ്ചായത്ത്/മുനിസിപ്പല്‍ തലങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. അതുവഴി കൂടുതല്‍ പേര്‍ക്ക് കരുതല്‍ ഡോസ് ഫലപ്രദമായി നല്‍കാന്‍ കഴിയുമെന്ന് കലക്ടര്‍ പറഞ്ഞു. കരുതല്‍ ഡോസ് എടുക്കുന്ന കാര്യത്തില്‍ മറ്റ് ജില്ലകളെക്കാള്‍ പിറകിലാണ് മലപ്പുറം. വാക്സിന്‍ സ്വീകരിക്കാന്‍ ആളുകള്‍ വിമുഖത കാണിക്കുന്ന പ്രവണത ഇപ്പോഴുമുണ്ട്. കോവിഡ് പൂര്‍ണമായും വിട്ടുമാറിയിട്ടില്ലെന്നും വൈറസ്സിന്റെ പുതിയ വകഭേദങ്ങള്‍ വ്യാപിക്കുന്നുണ്ടെന്നും കലക്ടര്‍ ഓര്‍മിപ്പിച്ചു. പ്രതിരോധ കുത്തിവെപ്പിലൂടെ മാത്രമേ രോഗവ്യാപനവും രോഗത്തിന്റെ കാഠിന്യവും കുറക്കാനാവൂ.  ഇതിന് എല്ലാവരുടെയും സഹകരണം ആവശ്യമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികള്‍, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താക്കള്‍ എന്നിവരുടെ യോഗം വിളിച്ച് പ്രതിരോധ നടപടികള്‍ വേഗത്തിലാക്കാനുള്ള കര്‍മപദ്ധതി ആവിഷ്‌കരിക്കും. ഈ മാസം ചേരുന്ന ജില്ലാവികസന സമിതിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും കലക്ടര്‍ അറിയിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍  ഷാജി ജോസഫ് ചെറുകരക്കുന്നേല്‍, വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിങ് എഞ്ചിനീയര്‍ വി. പ്രസാദ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

error: Content is protected !!