
മലപ്പുറം : ഹയർ സെക്കണ്ടറി പരീക്ഷയിൽ മികച്ച വിജയം സ്വന്തമാക്കി മലപ്പുറം ജില്ല. 78.27 ശതമാനമാണ് ജില്ലയുടെ പരീക്ഷാ വിജയം. 4735 പേർ ഫുൾ എ പ്ലസും കരസ്ഥമാക്കി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‍ വിജയ ശതമാനത്തിലും (79.63) ഫുൾ എ പ്ലസുകളുടെ എണ്ണത്തിലും (5659) കുറവുണ്ട്. വിജയ ശതമാനം കഴിഞ്ഞ വർഷത്തേക്കാൾ 1.36% കുറഞ്ഞു. ഫുൾ എ പ്ലസുകളിൽ 924 എണ്ണത്തിന്റെ കുറവുണ്ടായി. എങ്കിലും വിജയശതമാനത്തിൽ സംസ്ഥാന ശരാശരിയേക്കാൾ (77.81%) മുന്നിലാണ് ജില്ല.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് സ്വന്തമാക്കിയതും മലപ്പുറം തന്നെ. ഇത്തവണ ജില്ലയിൽ നിന്ന് 3 വിദ്യാർത്ഥികളാണ് മുഴുവൻ മാർക്കും (1200) സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം 11 പേർ മുഴുവൻ മാർക്ക് നേടിയിരുന്നു. ഹയർ സെക്കണ്ടറി പരീക്ഷ എഴുതിയ 64,426 പേരിൽ 50,426 പേരും ഉപരിപഠന യോഗ്യത നേടി. വിഎച്ച്എസ്ഇ വിഭാഗത്തിൽ 64.81 ആണ് വിജയശതമാനം. കഴിഞ്ഞ വർഷം ഇത് 69.40% ആയിരുന്നു. 4.59 ശതമാനത്തിന്റെ കുറവ്. പരീക്ഷയെഴുതിയ 2725 പേരിൽ 1766 പേർ ഉപരിപഠന യോഗ്യത നേടി. ഹയയർസെക്കണ്ടറിയിൽ 11 സ്കൂളുകളാണ് സമ്പൂർണ വിജയം കരസ്ഥമാക്കിയത്.
വിഎച്ച്എസ്ഇ വിഭാഗത്തിൽ 2 എയ്ഡഡ് സ്കൂളുകളാണ് 100% വിജയം നേടിയത്. ഓപ്പൺ സ്കൂൾ വിഭാഗത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് (192) നേടിയതും മലപ്പുറം ജില്ലയാണ്. 45.14% ആണ് ഓപ്പൺ സ്കൂൾ വിഭാഗത്തിലെ വിജയം. ടെക്‌നിക്കൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 68.88 ആണ് വിജയശതമാനം. സീറ്റ് ക്ഷാമം പരിഹരിക്കാൻ മാർജിനൽ വർദ്ധന വരുത്തിയതോടെ ഗവ. സ്കൂളികളിൽ 65 വിദ്യാർത്ഥികളും എയ്ഡഡ് സ്കൂളുകളിൽ 60 വിദ്യാർത്ഥികളുമാണ് ഹയർസെക്കണ്ടറി വിഭാഗത്തിൽ ഒരു ക്ലാസ്സ്മുറിയിലിരുന്ന് പഠിച്ചിരുന്നത്. ഈ പരിമിതികളെയെല്ലാം അതിജീവിച്ചാണ് ജില്ലയുടെ ഈ മികച്ച വിജയം.