മലപ്പുറം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ മലപ്പുറം മങ്കട സ്വദേശി നൗഫല്‍ കസ്റ്റഡിയില്‍. അങ്ങാടിപ്പുറം തിരൂർക്കാട് നെച്ചിത്തടത്തിൽ നൗഫലിനെ (39) പെരിന്തല്‍മണ്ണയില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പിന്നീട് മങ്കട പോലീസിന് കൈമാറി.
കസ്റ്റഡിയിലെടുത്ത നൗഫല്‍ പരസ്പര വിരുദ്ധമായി സംസാരിക്കുന്നതായി പോലീസ് പറഞ്ഞു. നൗഫല്‍ മാനസിക വെല്ലുവിളി നേരിടുന്ന ആളാണ്, നേരത്തേയും ആളുകളെ വിളിച്ചതിന് പരാതി ലഭിച്ചിട്ടുണ്ട്. പോലീസ് സ്‌റ്റേഷനിലേക്കും ഇയാള്‍ ഇത്തരത്തില്‍ വിളിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു.
ആരെങ്കിലും ആവശ്യപ്പെട്ടത് പ്രകാരമാണോ നൗഫല്‍ സ്വപ്‌ന സുരേഷിനെ വിളിച്ചത് എന്നറിയാന്‍ പോലീസ് കൂടുതല്‍ ചോദ്യം ചെയ്യുകയാണ്.
ഭീഷണി സംബന്ധിച്ച് ഡി.ജി.പിക്ക് സ്വപ്ന പരാതി നൽകിയിരുന്നു.
തനിക്കും കുടുംബത്തിനും വധഭീഷണിയുണ്ടെന്ന് ഇന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയ സ്വപ്ന സുരേഷ്, ശബ്ദരേഖ പുറത്തുവിട്ടിരുന്നു. മുൻമന്ത്രി കെ.ടി. ജലീൽ പറഞ്ഞിട്ട് വിളിക്കുകയാണെന്ന് വ്യക്തമാക്കി നൗഫൽ എന്നയാൾ ഫോണിലൂടെ ഭീഷണിപ്പെടുത്തി. എത്രനാൾ ജീവനോടെയുണ്ടാകുമെന്ന് ഉറപ്പില്ല. ഒരുപാട് ഭീഷണി ആദ്യം മുതലേയുണ്ടായിരുന്നെങ്കിലും അതൊക്കെ നെറ്റ് വഴിയുള്ളതും ആരാണ് വിളിക്കുന്നതെന്ന് വെളിപ്പെടുത്താത്തതുമായിരുന്നു. അതിനാൽ മുഖവിലയ്ക്കെടുത്തിരുന്നില്ല.
മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും കെ.ടി. ജലീലിന്‍റെയുമൊക്കെ പേരുകളിലുള്ള വിവാദങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ഇല്ലാതാക്കുമെന്നുമുള്ള മുന്നറിയിപ്പാണ് ശനിയാഴ്ച രാവിലെ മുതൽ തനിക്ക് ലഭിക്കുന്നത്. രണ്ടാമത് വന്ന ഫോൺ കാളിൽ മരട് അനീഷ് എന്നയാളെക്കുറിച്ച് പറയുന്നുണ്ട്. അന്വേഷിച്ചപ്പോൾ ഒരുപാട് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടയാളാണെന്ന് മനസ്സിലായെന്നും സ്വപ്ന കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ഇ.ഡിയുടെ ചോദ്യം ചെയ്യൽ നടക്കുന്നതിനിടെ ഗൂഢാലോചന കേസിൽ ക്രൈംബ്രാഞ്ച് സമൻസ് നൽകി വിളിപ്പിക്കുന്നത് അന്വേഷണം തടസ്സപ്പെടുത്താനാണ്. താനുമായി ബന്ധപ്പെട്ട എല്ലാവരെയും അവർ ചോദ്യം ചെയ്യുന്നുണ്ട്. ജീവനുള്ള കാലത്തോളം എൻഫോഴ്സ്മന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണവുമായി സഹകരിക്കും.
താൻ പാലക്കാട്ടുനിന്ന് കൊച്ചിയിലേക്ക് വീടുമാറി. ഒരുപാട് ബുദ്ധിമുട്ടിയാണ് വീട് ലഭിച്ചത്. വീട്ടുടമസ്ഥരെ പൊലീസും സ്പെഷൽ ബ്രാഞ്ചും നാട്ടുകാരുമൊക്കെ ഭയപ്പെടുത്തി. പി.സി. ജോർജിനെതിരെ കേസെടുത്തത് താനുമായി ബന്ധപ്പെട്ട കാര്യമല്ലെന്നും സ്വപ്ന പറഞ്ഞു.