
കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനിയായ 56കാരി മരിച്ചു. വണ്ടൂര്‍ സ്വദേശിനി ശോഭനയാണ് മരിച്ചത്. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 12 പേരായിരുന്നു ചികിത്സയില്‍ ഉണ്ടായിരുന്നത്. ഒരു മാസത്തിനിടെ അഞ്ച് പേരാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗുരുതരാവസ്ഥയില്‍ ശോഭനയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. അന്നു മുതല്‍ അബോധാവസ്ഥയിലായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകാരം മൈക്രോബയോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
വിദേശത്ത് നിന്നുള്‍പ്പെടെ മരുന്നെത്തിച്ച് രോഗികള്‍ക്ക് നല്‍കുന്നുണ്ടെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് മറ്റ് അസുഖങ്ങളും ഉള്ളതിനാല്‍ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഏഴും മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ മൂന്നു കുട്ടികളും ഉള്‍പ്പെടെ നിലവില്‍ പത്തുപേരാണ് കോഴിക്കോട്ട് ചികിത്സയിലുള്ളത്. ഇതില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുളള ഒരാളുടെ നില ഗുരുതരമാണ്. അമീബിക് മസ്തിഷ്‌കജ്വരം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.