മഞ്ചേരി മെഡിക്കൽ കോളജിൽ വിദ്യാർഥികൾക്കും അധ്യാപക – അനധ്യാപകർക്കും ജനുവരിയോടെ പൂർണ്ണ സൗകര്യം : മന്ത്രി വീണാ ജോർജ്ജ്

നിർമാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മന്ത്രി

മഞ്ചേരി: മഞ്ചേരി മെഡിക്കൽ കോളജിലെ നിർമാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.
മെഡിക്കൽ കോളജിൽ പുരുഷ ഹോസ്റ്റൽ, അനധ്യാപക ക്വാർട്ടേഴ്സ്
എന്നിവയുടെ നിർമാണം ഡിസംബർ 31 നകം പൂർത്തീകരിക്കാൻ മന്ത്രി നിർദേശം നൽകിയതായും വനിത ഹോസ്റ്റൽ, അധ്യാപക ക്വാർട്ടേഴ്സ് എന്നിവ ജനുവരി 31 നകം തുറന്നു കൊടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. പൊതുമരാമത്ത് വകുപ്പ് പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താൻ പൊതുമരാമത്ത് മന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം ചേരുമെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചേർന്ന അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ കാത്ത് ലാബ് സംവിധാനവും കാർഡിയോളജി വിഭാഗവും മറ്റ് സൂപ്പർ സ്പെഷ്യാലിറ്റി സംവിധാനവും കൂടുതൽ കാര്യക്ഷമമാക്കും. ബജറ്റിൽ പ്രഖ്യാപിച്ച നഴ്സിങ് കോളജുകൾ മഞ്ചേരിയിലും കോഴിക്കോടും തുടങ്ങുന്നതിനായി ആവശ്യമായ തസ്തികകൾ സൃഷ്ടിക്കും. ഇതിനായി എത്രയും നടപടി സ്വീകരിക്കും.
ജനങ്ങൾക്ക് മികച്ച ചികിത്സയും മികച്ച മെഡിക്കൽ വിദ്യാഭ്യാസവും ലഭ്യമാക്കുന്ന കേന്ദ്രമായി മഞ്ചേരി മെഡിക്കൽ കോളജിനെ മാറ്റിയെടുക്കും. കോവിഡി തര ചികിത്സയ്ക്കും മഞ്ചേരി മെഡിക്കൽ കോളജിലും ജില്ലയിലെ മറ്റ് സർക്കാർ ആശുപത്രികളിലും മികച്ച സൗകര്യങ്ങൾ ഒരുക്കും. മറ്റു കാര്യങ്ങൾ പരിശോധിച്ച് സമയ ബന്ധിതമായി നടപടി സ്വീകരിക്കും.
എല്ലാവർക്കും മികച്ച ചികിത്സ ലഭിക്കുന്ന സാഹചര്യം ഉണ്ടാകണം. അതിനായി നടപടികൾ തുടരും. മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് നൂറോളം പേർ
എം.ബി.ബി.എസ് പൂർത്തിയാക്കി പുറത്തിറങ്ങുന്നത് നാടിന് നേട്ടമാകും.
മെഡിക്കൽ കോളജിലെ മൂന്ന് വിഭാഗങ്ങളിൽ പി ജി കോഴ്സ് അനുവദിച്ചത് വികസനത്തിന്റെ തെളിവാണ്.
നിർമാണ പ്രവർത്തനങ്ങൾ സംബന്ധിച്ച് അവലോകന യോഗത്തിൽ വിശദമായി ചർച്ച ചെയ്തുവെന്നും മന്ത്രി പറഞ്ഞു. ഭൂമിയേറ്റെടുക്കലിനായി ഔദ്യോഗിക നടപടി ക്രമങ്ങൾ തുടരുകയാണ്. പരിമിതികൾ ഉണ്ടെങ്കിലും കെട്ടിട നിർമാണ പ്രവൃത്തികൾ ഉൾപ്പെടെ സമയ ബന്ധിതമായി നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

യോഗത്തിൽ കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ, അഡ്വ.യു.എ. ലത്തീഫ് എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ വി.എം. സുബൈദ, വൈസ് ചെയർപേഴ്സൺ അഡ്വ.ബീന ജോസഫ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.ആശാ തോമസ്, എ. ഡി. എം എൻ. എം മെഹറലി, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.റംല ബീവി, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് ജോയിൻറ് ഡയറക്ടർ ഡോ. തോമസ് മാത്യൂ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. സബൂറ ബീഗം, വൈസ് പ്രിൻസിപ്പൽ ഡോ.സിറിയക് ജോബ്, ആശുപത്രി സൂപ്രണ്ട് ഡോ.കെ.വി. നന്ദകുമാർ, മറ്റു വകുപ്പ് ഉദ്യാഗസ്ഥർ എന്നിവർ പങ്കെടുത്തു.

error: Content is protected !!