അക്രമികളുടെ വെട്ടേറ്റ മഞ്ചേരി നഗരസഭ കൗണ്സിലർ മരിച്ചു

പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കത്തിനിടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന മഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ തലാപ്പില്‍ ജലീല്‍ (പട്ടാളം കുഞ്ഞാന്‍) മരണപ്പെട്ടു. ഇന്നലെ രാത്രി നടന്ന ആക്രമണത്തില്‍ ഗുരുതരമയി പരിക്കേറ്റ ഇദ്ദേഹം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ന​ഗരസഭയിലെ 16ാം വാർഡ് മുസ്‌ലിം ലീ​ഗ് കൗൺസിലറാണ് ഇദ്ദേഹം.

മഞ്ചേരി കുട്ടിപ്പാറയില്‍ വച്ച് ഇന്നലെ രാത്രി 11ഓടെയായിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം ഇന്നോവ കാറിൽ സഞ്ചരിക്കുകയായിരുന്നു ജലീൽ. ഇവരെ പിന്തുടർന്ന് ബൈക്കിലെത്തിയ ഒരു സംഘം ആക്രമണം നടത്തുകയായിരുന്നു.

വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിലും കൊലയിലും കലാശിച്ചത്. തലയ്ക്കും നെറ്റിക്കും ​ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.

അതേസമയം, ആക്രമണത്തിന് പിന്നിലുള്ളവരെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു. അക്രമികള്‍ ഇവര്‍ സഞ്ചരിച്ച വാഹനവും തകര്‍ത്തിരുന്നു.

ബൈക്കിലെത്തിയ ആക്രമികളുടെ ഹെല്‍മറ്റ് കാറിനകത്ത് കണ്ടെത്തി. വടിവാൾ ഉപയോ​ഗിച്ചാണ് ആക്രമണം നടത്തിയതെന്ന് കരുതുന്നു. ഖബറടക്കം നാളെ മഞ്ചേരി സെന്‍ട്രല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

error: Content is protected !!