മഞ്ചേരി നഗരസഭ കൗണ്‍സിലറെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വെട്ടേറ്റു

മഞ്ചേരി: മഞ്ചേരി നഗരസഭ കൗണ്‍സിലറെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വെട്ടേറ്റു. 16-ാം വാര്‍ഡ് യുഡിഎഫ് കൗണ്‍സിലര്‍ തലാപ്പില്‍ അബ്ദുല്‍ ജലീല്‍ (52)നെ കൊലപ്പെടുത്തിയ കേസിലെ പ്രതി നെല്ലിക്കുത്ത് സ്വദേശി ഷുഹൈബ് എന്ന കൊച്ചുവിനാണ് വെട്ടേറ്റത്. വെള്ളിയാഴ്ച രാത്രി 12ഓടെയാണ് സംഭവം. നെല്ലിക്കുത്ത് സ്‌കൂളിന് സമീപത്ത് ഓട്ടോയില്‍ മദ്യപിക്കുന്നതിനിടെ വെട്ടേല്‍ക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഷുഹൈബിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയതില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ മാര്‍ച്ച് 29ന് രാത്രി മഞ്ചേരി പയ്യനാട് വെച്ചാണ് ബൈക്കിലെത്തിയ ഒരു സംഘം ഒരു വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ച കഴിഞ്ഞ് മൂന്നുപേര്‍ക്കൊപ്പം കാറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന അബ്ദുല്‍ ജലീല്‍ (52)നെ ആക്രമിച്ചത്. പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കം അക്രമത്തില്‍ കലാശിക്കുകയായിരുന്നു. തലക്കും നെറ്റിക്കും ഗുരുതര പരിക്കേറ്റ അബ്ദുല്‍ ജലീലിനെ ആദ്യം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയും പിറ്റേ ദിവസം 30 ന് വൈകുന്നേരം ആറുമണിയോടെ അബ്ദുള്‍ ജലീല്‍ മരിക്കുകയുമായിരുന്നു.

കേസിലെ മുഖ്യപ്രതിയായ ഷുഹൈബ് ചൊവ്വാഴ്ച രാത്രി 12.45 മുതല്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കി ഒളിവില്‍ പോയിരുന്നു. പിന്നീട് ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഷുഹൈബിനെ തമിഴ്നാട്ടില്‍ നിന്നാണ് പിടികൂടിയത്.

error: Content is protected !!