
മലപ്പുറം : ‘ഹാപ്പി ഹവര്‍ ഓഫര്‍’ വില്‍പ്പനയിലൂടെ ഉപഭോക്താക്കളെ കബളിപ്പിച്ചുവെന്ന പരാതിയില്‍ മഞ്ചേരി സ്വദേശിക്ക് 10,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോകൃത കമ്മീഷന്റെ വിധി. മഞ്ചേരിയില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിച്ച കടക്കാണ് പിഴ ഈടാക്കിയത്. മഞ്ചേരി കരിക്കാട് സ്വദേശി ബാലകൃഷ്ണന്‍ കമ്മീഷനില്‍ നല്‍കിയ പരാതിയിലാണ് വിധി.
2024 ഒക്ടോബര്‍ ഒന്നിന് കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിക്കുന്ന സമയത്താണ് ഉപഭോക്താവിനെ രണ്ടാം തീയതി മുതല്‍ ഓഫര്‍ വിലയില്‍ സാധനങ്ങള്‍ ലഭിക്കുമെന്ന് അറിയിച്ചത്. സാധനങ്ങളുടെ എംആര്‍പിയും വില്‍പ്പന വിലയും ഓഫര്‍ വിലയും കാണിക്കുന്ന ബ്രോഷറും പരാതിക്കാരന് നല്‍കിയിരുന്നു. ഇത് പ്രകാരം സാധനങ്ങള്‍ വാങ്ങി ബില്ലെഴുതുമ്പോള്‍ പച്ചക്കറിക്ക് മാത്രമാണ് ഓഫര്‍ വിലയെന്നും മറ്റുള്ളവയുടെ ഓഫര്‍ വില അതാത് സമയം പ്രഖ്യാപിക്കുമ്പോള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും അറിയിച്ചു. എന്നാല്‍ നോട്ടീസിലോ കടയിലോ ഇതുസംബന്ധിച്ച് വിവരങ്ങള്‍ ഒന്നുമില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ബാലകൃഷ്ണന്‍ കമ്മീഷനില്‍ പരാതി നല്‍കിയത്.
പരാതിക്കാരനുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് 10,000 രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ഉപഭോക്തൃത കമ്മീഷന്‍ നിര്‍ദേശിച്ചു.