കോഴിക്കോട്: പേരാമ്പ്രയില്‍ റവന്യൂ ജില്ലാ കലാമേളയുടെ പേരില്‍ കുട്ടികളില്‍ നിന്ന് പണം പിരിക്കാന്‍ സര്‍ക്കുലര്‍ ഇറക്കിയ അണ്‍ എയിഡഡ് സ്‌കൂള്‍ ഹെഡ്മിസ്ട്രസിനെതിരെ നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ മാനേജര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് മന്ത്രി വി ശിവന്‍കുട്ടി. അണ്‍ എയിഡഡ് സ്ഥാപനം ആയതിനാല്‍ സര്‍ക്കാരിന് നേരിട്ട് നടപടി എടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആണ് മാനേജര്‍ക്ക് നിര്‍ദേശം നല്‍കിയത്. അടിയന്തിരമായി നടപടി സ്വീകരിക്കാന്‍ ആണ് നിര്‍ദേശം നല്‍കിയതെന്ന് മന്ത്രി അറിയിച്ചു.
ഇത്തരത്തില്‍ പണം പിരിക്കാന്‍ ഒരു നിര്‍ദേശവും പൊതു വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് നല്‍കിയിട്ടില്ല. എന്നാല്‍ സെന്റ് ഫ്രാന്‍സിസ് ഇംഗ്ലീഷ് മീഡിയം എച്ച് എസിലെ ഹെഡ്മിസ്ട്രസ് സി റോസിലി സ്വമേധയാ സര്‍ക്കുലര്‍ ഇറക്കുകയായിരുന്നു. ഈ സര്‍ക്കുലറുമായി പൊതുവിദ്യാഭ്യാസ വകുപ്പിന് യാതൊരു ബന്ധവുമില്ല. പൊതുവിദ്യാഭ്യാസ വകുപ്പിന് യാതൊരു അറിവും ഇല്ലാത്ത കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശപ്രകാരം ആണ് പിരിവ് എന്ന് കൂടി ഹെഡ്മിസ്ട്രസിന്റെ സര്‍ക്കുലറില്‍ ഉണ്ട്. ഇക്കാര്യം വളരെ ഗൗരവമായാണ് കാണുന്നത്. ഇത് വിദ്യാഭ്യാസ വകുപ്പിന് അവമതിപ്പ് ഉണ്ടാക്കുന്നതും തെറ്റിദ്ധാരണാജനകവുമാണ്. ഇതിനെതിരെയും നടപടിയുണ്ടാകും.’ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് നടപടിയെന്നും മന്ത്രി അറിയിച്ചു.
‘ദൈനംദിന കാര്യങ്ങള്‍ അല്ലാതെ, കൃത്യമായ നിര്‍ദേശം പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ലഭിക്കാതെ സ്‌കൂള്‍ തലത്തില്‍ ഇത്തരം തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സ്‌കൂളുകള്‍ തയ്യാറാകരുത്. വിദ്യാര്‍ഥികളില്‍ നിന്ന് അനാവശ്യ ഫണ്ട് ശേഖരണം പാടില്ല.’ അങ്ങനെ അല്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി ശിവന്‍കുട്ടി വ്യക്തമാക്കി.