മലപ്പുറം : ദേശീയപാത 66 സമയബന്ധിതമായി തന്നെ പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലെ ദേശീയപാത നിര്‍മ്മാണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. അടുത്തവര്‍ഷം പുതുവത്സര സമ്മാനമായി മലപ്പുറം ജില്ലയ്ക്ക് പുതിയ ദേശീയപാത തുറന്നു കൊടുക്കാനാകുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. പ്രവൃത്തി പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ഓരോ സ്‌ട്രെച്ചും ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് തൊണ്ടയാട് ഫ്‌ലൈ ഓവര്‍ സന്ദര്‍ശനത്തിന് ശേഷമാണ് മലപ്പുറം ജില്ലയിലെ പാണമ്പ്ര വളവില്‍ മന്ത്രിയും ഉന്നത ഉദ്യോഗസ്ഥ സംഘവും എത്തിയത്. സിനിമാ താരം ജഗതി ശ്രീകുമാറിന്റെ അപകടം ഓര്‍ത്തെടുത്താണ് പാണമ്പ്രയില്‍ മന്ത്രി സംസാരിച്ച് തുടങ്ങിയത്. പാണമ്പ്ര, വട്ടപ്പാറ തുടങ്ങിയ അപകട മേഖലകളെയും വളാഞ്ചേരി ഉള്‍പ്പെടെ ഗതാഗതക്കുരുക്കുണ്ടാക്കുന്ന സ്ഥലങ്ങളെയും ഒഴിവാക്കിയുള്ള പുതിയ ദേശീയപാത സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയാണെന്ന് മന്ത്രി പറഞ്ഞു. ഒമ്പത് ജില്ലകളിലൂടെ 45 മീറ്റര്‍ വീതിയില്‍ ആറുവരി പാതയായി കടന്നുപോകുന്ന ദേശീയപാതയുടെ ഓരോ ഘട്ടത്തിലും ബന്ധപ്പെട്ടവരുമായി യോഗങ്ങള്‍ ചേരുന്നുണ്ട്. ദേശീയപാതാ അതോറിറ്റിയുമായി സഹകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്. പാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളും നാട്ടുകാരും ഉന്നയിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് മുന്നോട്ട് പോകുന്നത്. മലപ്പുറം ജില്ലയില്‍ 203.68 ഹെക്ടര്‍ ഭൂമി ആവശ്യമായതില്‍ 203.41 ഹെക്ടറും ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്. 99.87 ശതമാനവും ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുന്നതിനായി ജില്ലയില്‍ 878 കോടിയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചതെന്നും മന്ത്രി പറഞ്ഞു.
മലപ്പുറം ജില്ലയിലെ പാണമ്പ്ര വളവ്, കൂരിയാട് ജങ്ഷന്‍, പാലച്ചിറമാട് വളവ്, വട്ടപ്പാറ വളവ്, കുറ്റിപ്പുറം പാലം, ചമ്രവട്ടം ജങ്ഷന്‍ എന്നിവിടങ്ങളിലാണ് മന്ത്രിയും സംഘവും സന്ദര്‍ശനം നടത്തിയത്. എം.എൽ.എമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഡോ.കെ.ടി.ജലീൽ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജു, ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്, സബ് കളക്ടര്‍ സച്ചിന്‍ കുമാര്‍ യാദവ്, ദേശീയ പാത അതോറിറ്റി പ്രൊജക്ട് ഡയറക്ടർ അൻഷുൽ ശർമ, റീജണൽ ഓഫീസർ ബി.എൽ മീണ, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.