Monday, October 13

മന്ത്രി രാംദാസ് അഠാവ്ല ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരെ സന്ദർശിച്ചു

ദുബായ് : കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ മന്ത്രി രാംദാസ് അഠാവ്ല ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരെ ദുബായ് മര്‍കസ് ഓഫീസില്‍ സന്ദര്‍ശിച്ചു. മര്‍കസിന്റെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. ഉടന്‍തന്നെ കോഴിക്കോട്ടെ കരന്തൂര്‍ മര്‍കസ് നേരിട്ട് സന്ദര്‍ശിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഭിന്നശേഷിക്കാര്‍ക്ക് യുഎഇ ഭരണകൂടം അസ്ഹാബ് അല്‍ ഹിമം എന്ന ബഹുമതി നല്‍കി അവരുടെ ജീവിതനിലവാരം ഉയര്‍ത്തുന്ന നയങ്ങളെ കാന്തപുരം പ്രശംസിച്ചു. സമാനമായ പദ്ധതികള്‍ ഇന്ത്യയിലും നടപ്പാക്കണമെന്നും അദ്ദേഹം കേന്ദ്രമന്ത്രിയോട് നിര്‍ദേശിച്ചു.

ഇന്ത്യന്‍ ഭരണഘടന എല്ലാവര്‍ക്കും സാമൂഹിക നീതിയും സൗഹൃദവും ഉറപ്പാക്കുന്നതാണെന്ന് കാന്തപുരം ഓര്‍മ്മിപ്പിച്ചു. രാജ്യത്ത് മതവിഭാഗങ്ങള്‍ തമ്മിലുള്ള കലഹങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കണം. പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള നടപടികള്‍ ശക്തമാക്കണമെന്നും അദ്ദേഹം മന്ത്രിയോട് ആവശ്യപ്പെട്ടു. റിപബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (അഠാവ് ലെ) വിഭാഗം പ്രസിഡന്റ് ആണ് മന്ത്രി.

error: Content is protected !!