കേസുകളുടെ എണ്ണം കൂട്ടാന്‍ അനാവശ്യ കേസുകള്‍ എടുക്കുന്നു ; മലപ്പുറത്ത് പൊലീസിനെ വിമര്‍ശിച്ച് മന്ത്രി വി അബ്ദുറഹ്മാന്‍ ; മറുപടിയുമായി ജില്ലാ പൊലീസ് മേധാവി, പൊലീസ് പൊലീസിന്റെ പണിയെടുത്താല്‍ മതിയെന്ന് ക്രൈം ബ്രാഞ്ച് എസ്പി

മലപ്പുറം : ജില്ലയിലെ പൊലീസിനെ വിമര്‍ശിച്ച് മന്ത്രി വി അബ്ദുഹ്മാന്‍. മറുപടിയുമായി ജില്ലാ പൊലീസ് മേധാവി എസ്.ശശിധരന്‍. പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു മന്ത്രി പൊലീസിനെ വിമര്‍ശിച്ചത്.കേസുകളുടെ എണ്ണം കൂട്ടാന്‍ അനാവശ്യ കേസുകള്‍ എടുക്കുന്നതു സര്‍ക്കാര്‍ നയമല്ലെന്നും മലപ്പുറത്ത് സര്‍ക്കാര്‍ നയത്തിനു വിപരീതമായി കാര്യങ്ങള്‍ ഉണ്ടാകുന്നതായി ആക്ഷേപമുണ്ടെന്നും അത് പരിശോധിക്കണമെന്നുമാണു മന്ത്രി പറഞ്ഞത്. പൊലീസിനെ സമീപിക്കുന്ന ജനങ്ങളോട് മാന്യമായും സൗമ്യമായും പെരുമാറണമെന്നും മന്ത്രി പറഞ്ഞു. കേസുകള്‍ എടുക്കുന്നത് പൊലീസിനു നല്ലതല്ലേ എന്നായിരുന്നു എസ്പി എസ്.ശശിധരന്റെ മറുപടി.

അനാവശ്യ കേസുകള്‍ എടുക്കാറില്ലെന്നും പൊലീസിന്റെയും ജനങ്ങളുടെ നന്മയ്ക്കു വേണ്ടിയുള്ള നയങ്ങളാണു ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി വേദി വിട്ട ശേഷമായിരുന്നു എസ്പിയുടെ പ്രസംഗം. തുടര്‍ന്നു പ്രസംഗിച്ച ക്രൈം ബ്രാഞ്ച് എസ്പി പി. വിക്രമനും എസ്പിയുടെ ആത്മാര്‍ഥതയെ പ്രശംസിച്ചെങ്കിലും പൊലീസ് പൊലീസിന്റെ പണിയെടുത്താല്‍ മതിയെന്നു പറഞ്ഞു. മണല്‍ പിടിക്കാനുള്ള ചുമതല ജിയോളജിക്കാണ്. ലഹരിമരുന്ന് പിടിക്കാന്‍ എക്‌സൈസും തീയണയ്ക്കാന്‍ അഗ്‌നിരക്ഷാസേനയുമുണ്ട്. ഈ ചുമതലകളെല്ലാം പൊലീസിന്റെ തലയില്‍ വച്ചുകെട്ടി പൊലീസിന്റെ പണിയെടുക്കാതെ നടന്നാല്‍ ജനങ്ങള്‍ക്ക് എവിടെ നിന്നാണ് നീതി കിട്ടുക എന്ന് ക്രൈം ബ്രാഞ്ച് എസ്പി ചോദിച്ചു.

error: Content is protected !!