Wednesday, August 20

മൊബൈൽ ഗെയിം കളിച്ചതിന് മാതാവ് ഫോൺ പിടിച്ചു വാങ്ങി; പതിനൊന്നുകാരി ആത്മഹത്യ ചെയ്തു

കാസർകോട്: മാതാവ് മൊബൈലിൽ ഗെയിം കളി ഒഴിവാക്കി പഠിക്കാൻ പറഞ്ഞതിന് പിന്നാലെ മനംനൊന്ത് പതിനൊന്നുകാരി ആത്മഹത്യ ചെയ്തു. കാസർക്കോട് മേൽപറമ്പ് കടാങ്കോട് സ്വദേശി അബ്ദുൽ റഹ്മാൻ ഷാഹിന ദമ്പതികളുടെ മകൾ ഫാത്തിമ അംനയാണ് മരിച്ചത്.

ഞായറാഴ്ച വൈകീട്ട് 6.45 മണിയോടെയാണ് സംഭവം. കുട്ടി മൊബൈൽ ഗെയിം കളിക്കുന്നത് കണ്ട മാതാവ് പഠിക്കാൻ പറഞ്ഞ് ശാസിച്ചിരുന്നു. പിന്നെയും മൊബൈൽ ഉപയോഗിക്കുന്നത് കണ്ടതോടെ മാതാവ് മൊബൈൽ പിടിച്ചു വാങ്ങി പഠിക്കാൻ ആവശ്യപ്പെട്ട് പുറത്തുപോയി. ഇതിൽ പിണങ്ങിയ വിദ്യാർഥിനി ചൂരിദാർ ഷാൾ ഉപയോഗിച്ച് ജനൽ കമ്പിയിൽ ചുറ്റി തൂങ്ങുകയായിരുന്നു.

ഉടൻ തന്നെ കെട്ടഴിച്ച് മാറ്റി ബൈകിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചന്ദ്രഗിരി ഗവ. ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് ഫാത്തിമ അംന. സംഭവത്തിൽ മേൽപറമ്പ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുല്ല.

error: Content is protected !!