
കോഴിക്കോട്: ജനപ്രതിനിധികള്‍ക്കും മന്ത്രിമാര്‍ക്കും എതിരെ വിവാദ പരാമര്‍ശവുമായി സമസ്ത നേതാവ് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി. പലര്‍ക്കും വൈഫ് ഇന്‍ചാര്‍ജുമാര്‍ ഉണ്ടെന്നും ഇത്തരക്കാരാണ് ബഹുഭാരത്വത്തെ എതിര്‍ക്കുന്നതെന്നും ബഹാഉദ്ദീന്‍ നദ്‌വി വ്യക്തമാക്കി. കോഴിക്കോട് മടവൂരില്‍ സുന്നി മഹല്ല് ഫെഡറേഷന്‍ സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു രൂക്ഷ വിമര്‍ശനം.
ഇ.എം.എസിന്റെ മാതാവിന്റെ വിവാഹം നടന്നപ്പോള്‍ പ്രായം 11 വയസ് ആയിരുന്നു. 11-ാം വയസില്‍ വിവാഹം നടന്നതിന്റെ പേരില്‍ ഇ.എം.എസിനെയോ മാതാവിനെയോ ആരെങ്കിലും അവഹേളിക്കുകയോ പരിഹസിക്കുകയോ ഇകഴ്ത്തുകയോ ചെയ്യാറുണ്ടോ എന്നും ബഹാവുദ്ദീന്‍ നദ്‌വി ചോദിച്ചു.
‘ഇ.എം.എസിന്റെ മാതാവിനെ കെട്ടിച്ചപ്പോള്‍, മാതാവിന്റെ പ്രായം 11 വയസ്. ഇ.എം.എസിന്റെ ഉമ്മായെ 11 വയസില്‍ കെട്ടിച്ചതിന്റെ പേരില്‍ അദ്ദേഹത്തെയോ മാതാവിനെയോ ആരെങ്കിലും അവഹേളിക്കുകയോ പരിഹസിക്കുകയോ ഇകഴ്ത്തുകയോ ചെയ്യാറുണ്ടോ. ചെയ്യാറില്ല, അങ്ങനെ ചെയ്യാന്‍ പാടില്ല. അത് അക്കാലത്തെ രീതിയാണ്. ആ ഒരു നമ്പൂതിരി മാത്രമല്ല, മറ്റ് പല നമ്പൂതിരിമാരും അങ്ങനെയായിരുന്നു.
ബഹുഭാരത്വം എന്നാല്‍, നമ്മുടെ നാട്ടില്‍ കുറേ മാന്യന്മാരുണ്ട്. അതില്‍ ഉദ്യോഗസ്ഥന്മാരും എം.പിമാരും എം.എല്‍.എമാരും മന്ത്രിമാരും കേന്ദ്രമന്ത്രിമാരും ഉണ്ട്. അവര്‍ക്കെല്ലാം ഒരു ഭാര്യമാരുണ്ടാവും. പിന്നെ ഇന്‍ചാര്‍ജ് ഭാര്യമാര്‍ വേറെയുണ്ടാകും. വൈഫ് ഇന്‍ചാര്‍ജ്. അങ്ങനെ പേര് പറയാറില്ല. അങ്ങനെ ഇല്ലാത്തവര്‍ കൈ ഉയര്‍ത്താന്‍ പറഞ്ഞാല്‍ സമൂഹത്തില്‍ എത്ര പേര്‍ കൈ ഉയര്‍ത്തും’ -ബഹാവുദ്ദീന്‍ നദ്‌വി വ്യക്തമാക്കി.