തിരൂരങ്ങാടി : കെട്ടിട നിര്‍മ്മാണത്തിന്റെ അപേക്ഷ ഫീസും പെര്‍മിറ്റ് ഫീസും കുത്തനെ കൂട്ടിയ കേരള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കി. ജനങ്ങളുടെ മേല്‍ നികുതിഭാരം വര്‍ധിപ്പിച്ച് സര്‍ക്കാര്‍ പകല്‍കൊള്ളക്ക് നേതൃത്വം കൊടുക്കുകയാണെന്നും ഇടതു സര്‍ക്കാര്‍ നികുതി വര്‍ധനവും കെട്ടിട-ലൈസന്‍സ് ഫീസ് വര്‍ധനവും നടത്തി ജനദ്രോഹ നടപടികളുമായി മുന്നോട്ട് പോവുകയാണെന്നും മാത്രമല്ല ഇരുപത് ഇരട്ടിയോളം വര്‍ധനവ് വരുത്തി ജനത്തിന്റെ പണം കൊള്ളയടിക്കുവാന്‍ ശ്രമിക്കുകയാണെന്നും യു.ഡി.എഫ് ജനപ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. സാധാരണ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഈ നികുതി, നിര്‍മ്മാണ ഫീസ്, അപേക്ഷ ഫീസ്, ലൈസന്‍സ് ഫീസ് എന്നീ വര്‍ധനവുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രമേയത്തിലൂടെ മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതേ സമയം ഇത് സാധാരണക്കാരന്റെ പ്രശ്നമായിട്ടും ഇടത് അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചില്ല. 6-ാം വാര്‍ഡ് മെമ്പര്‍ പി.പി സഫീര്‍ അവതാരകനും 16-ാം വാര്‍ഡ് മെമ്പര്‍ ചാന്ത് അബ്ദുസ്സമദ് അനുവാദകനുമായാണ് പ്രമേയം അവതരിപ്പിച്ചത്. ഭരണസമിതി യോഗത്തില്‍ പ്രസിഡന്റ് എന്‍.എം സുഹറാബി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഹനീഫ ആച്ചാട്ടില്‍, സ്ഥിരം സമിതി അധ്യക്ഷരായ സി.പി സുബൈദ, പി.പി മുനീര്‍ മാസ്റ്റര്‍, ജാസ്മിന്‍ മുനീര്‍ എന്നിവര്‍ സംസാരിച്ചു.