മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് യുഡിഎഫ് ഭരണ സമിതി ജനങ്ങളോട് ചെയ്യുന്നത് കൊടും വഞ്ചന ; പഞ്ചായത്ത് ഇടതുപക്ഷ അംഗങ്ങള്‍ കളക്ടര്‍ക്ക് നിവേദനം നല്‍കി.

തിരൂങ്ങാടി : മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ജലജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതി നടപ്പാക്കേണ്ടതില്ല എന്നുള്ള യുഡിഎഫ് ഭരണസമിതിയുടെ തീരുമാനം പഞ്ചായത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പഞ്ചായത്ത് ഇടതുപക്ഷ അംഗങ്ങള്‍. വിഷയങ്ങളില്‍ ജില്ലാ കളക്ടര്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് ഇടതുപക്ഷ അംഗങ്ങള്‍ ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കി

ബിപിഎല്‍ കുടുംബങ്ങള്‍ക്ക് തീര്‍ത്തും സൗജന്യമായും മറ്റ് ആളുകള്‍ക്ക് ഡെപ്പോസിറ്റ് തുക ഇല്ലാതെയും ലഭ്യമാക്കുന്ന കേരള കേന്ദ്ര സര്‍ക്കാരുകളുടെ സംയുക്ത സംരംഭമാണ് ജലജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതി. ഈ പദ്ധതിയാണ് മൂന്നിയൂര്‍ പഞ്ചായത്ത് യുഡിഎഫ് ഭപണ സമിതി നടപ്പാക്കേണ്ടതില്ല എന്ന് തീരുമാനിച്ചിട്ടുള്ളതെന്ന് എല്‍ഡിഎഫ് അംഗങ്ങള്‍ പറയുന്നു.

പഞ്ചായത്ത് നടപ്പിലാക്കിയ ജലനിധി കുടിവെള്ള പദ്ധതിയില്‍ ഇപ്പോള്‍ ബിപിഎല്‍ കുടുംബങ്ങള്‍ അടക്കം 6000 രൂപ ഡെപ്പോസിറ്റ് തുകയായി നല്‍കണം. മാത്രമല്ല പുതിയ കണക്ഷന്‍ നല്‍കുമ്പോള്‍ നിശ്ചിത മീറ്റര്‍ കഴിഞ്ഞാല്‍ ബാക്കി വരുന്ന പൈപ്പിടാന്‍ ചെലവാകുന്ന മുഴുവന്‍ തുകയും അതത് ഗുണഭോക്താക്കള്‍ വഹിക്കണം. എന്നാല്‍ ജലജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതി പ്രകാരം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് വെള്ളം ഉപയോഗിക്കുന്നത് അടക്കം പൂര്‍ണ്ണമായും സൗജന്യമാണ്. മറ്റ് ജനറല്‍ വിഭാഗങ്ങള്‍ക്ക് ഡെപ്പോസിറ്റ് തുകയും നല്‍കേണ്ടതില്ല ഉപയോഗിക്കുന്ന വെള്ളത്തിന് മാത്രം പൈസ നല്‍കിയാല്‍ മതി. ജലജീവ മിഷന്‍ കണക്ഷന്‍ എടുക്കുവാനുള്ള പഞ്ചായത്തിലെ ജനങ്ങളുടെ അവകാശത്തെയാണ് യുഡിഎഫിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി നിഷേധിക്കുന്നതെന്നും ഇത് കടുത്ത മനുഷ്യാവകാശ ലംഘനം കൂടിയാണെന്നും അംഗങ്ങള്‍ വിമര്‍ശിച്ചു.

ജലനിധി പദ്ധതിയിലൂടെ ജനങ്ങളുടെ അടുത്തുനിന്ന് ലഭിക്കുന്ന ഭീമമായ തുക ഭാവിയില്‍ കയ്യടക്കി വെച്ച് അഴിമതി നടത്തുവാനുള്ള ഹിഡന്‍ അജണ്ടയാണ് ജലജീവ മിഷന്‍ പദ്ധതി നടപ്പിലാക്കേണ്ടതില്ല എന്നുള്ള തീരുമാനത്തിന് പിന്നിലെന്ന് ഇവര്‍ ആരോപിച്ചു. മണ്ണട്ടാംപാറ അണക്കെട്ടിന്റെ മുകള്‍ഭാഗം പാറക്കടവ് വരെ സിആര്‍സന്റ് ബാധകമല്ല എന്നുള്ള തീര പരിപാലന കമ്മിറ്റിയുടെ നോട്ടിഫിക്കേഷന്‍ ഉണ്ടായിട്ടും സിആര്‍സന്റ് ബാധകമല്ലാത്ത 11 13 14 15 17 18 വാര്‍ഡുകളിലെ പുഴ പുറമ്പോക്ക് ഒഴിവാക്കി സ്വന്തം ഭൂമിയില്‍ വീട് വെച്ചിട്ടുള്ള ആളുകള്‍ക്ക് താല്‍ക്കാലിക നമ്പര്‍ വര്‍ഷങ്ങളായി നല്‍കിക്കൊണ്ട് ഭീമമായ തുക നികുതയിനത്തില്‍ അന്യായമായി ഈടാക്കി പഞ്ചായത്ത് ജനദ്രോഹ നടപടികള്‍ തുടരുകയാണെന്ന് ഇടതുപക്ഷ അംഗങ്ങള്‍ കുറ്റപ്പെടുത്തി.

മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് ഇടതുപക്ഷ അംഗങ്ങളായ അബ്ദുസമദ് പി പി, ഹുസ്സൈന്‍ കല്ലന്‍, സാജിത ടീച്ചര്‍, ബിന്ദു ഗണേശന്‍, പിവി അബ്ദുല്‍ വാഹിദ് എന്നിവര്‍ ചേര്‍ന്നാണ് ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കിയത്.

error: Content is protected !!