പ്ലസ് വണ്‍ സീറ്റ് ; താത്കാലിക ബാച്ചുകള്‍ അപര്യാപ്തം, മുഴുവന്‍ കുട്ടികള്‍ക്കും പഠിക്കാന്‍ അവസരം ലഭിക്കുന്നത് വരെ മുസ്ലിംലീഗ് സമര രംഗത്തുണ്ടാകും ; പിഎംഎ സലാം

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ നിലവില്‍ പ്രഖ്യാപിച്ച 97 താല്‍ക്കാലിക ബാച്ചുകള്‍ അപര്യാപ്തമെന്ന് മുസ്ലീം ലീഗ്. മുഖം മിനുക്കാനുള്ള തന്ത്രം മാത്രമാണിത്. ആവശ്യത്തിന്റെ ചെറിയ ശതമാനം മാത്രമാണ് ഇപ്പോള്‍ അനുവദിക്കപ്പെട്ടത്. മുഴുവന്‍ കുട്ടികള്‍ക്കും പഠിക്കാന്‍ അവസരം ലഭിക്കുന്നത് വരെ മുസ്ലിംലീഗ് സമര രംഗത്തുണ്ടാകുമെന്നും പിഎംഎ സലാം വ്യക്തമാക്കി.

മലബാര്‍ മേഖലയില്‍ പ്ലസ് വണ്‍ താല്‍ക്കാലിക അധിക ബാച്ചുകള്‍ അനുവദിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം നിരന്തര സമരങ്ങളുടെ വിജയമാണ്. എന്നാല്‍ പാലക്കാട് മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഇനിയും പ്ലസ് വണ്‍ പ്രവേശനത്തിന് അവസരമില്ലാതിരിക്കുമ്പോള്‍ പ്രശ്‌നം പരിഹരിക്കാന്‍ നിലവില്‍ പ്രഖ്യാപിച്ച 97 താല്‍ക്കാലിക ബാച്ചുകള്‍ അപര്യാപ്തമാണെന്ന് പിഎംഎ സലാം പറഞ്ഞു.

5820 വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ഈ അധിക ബാച്ചുകളിലൂടെ അവസരം ലഭിക്കുക. മുഖം മിനുക്കാനുള്ള തന്ത്രം മാത്രമാണിത്. സര്‍ക്കാറിന്റെ ഈ വഞ്ചന ജനം തിരിച്ചറിയും. മുസ്ലിംലീഗും എം.എസ്.എഫും ഈ വിഷയത്തില്‍ നിരന്തര സമരത്തിലാണ്. പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഉടന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും പലതവണ സമീപിച്ചിരുന്നു. എന്നാല്‍ തുടക്കം മുതല്‍ നിഷേധാത്മക സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ആവശ്യത്തിന്റെ ചെറിയ ശതമാനം മാത്രമാണ് ഇപ്പോള്‍ അനുവദിക്കപ്പെട്ടത്. മുഴുവന്‍ കുട്ടികള്‍ക്കും പഠിക്കാന്‍ അവസരം ലഭിക്കുന്നത് വരെ മുസ്ലിംലീഗ് സമര രംഗത്തുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

മലബാര്‍ മേഖലയിലെ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ 97 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചിരിക്കുന്നത്. 53 താല്‍ക്കാലിക ബാച്ചുകളാണ് മലപ്പുറം ജില്ലയില്‍ അനുവദിച്ചിരിക്കുന്നത്. പാലക്കാട് 4, കോഴിക്കോട് 11, വയനാട് 4, കണ്ണൂര്‍ 10, കാസര്‍കോഡ് 15 എന്നിങ്ങനെയാണ് താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചിരിക്കുന്നത്.

error: Content is protected !!