
മലപ്പുറം : ടേം വ്യവസ്ഥ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ശനമായി നടപ്പിലാക്കാന്‍ മുസ്ലിം ലീഗ്. മൂന്ന് തവണ എംഎല്‍എയായവരെ നിയമസഭയിലേക്ക് മത്സരിപ്പിക്കാതിരിക്കാനാണ് നീക്കം. തുടര്‍ച്ചയായി മൂന്ന് തവണ മത്സരിച്ചു വിജയിച്ചവരും മൂന്നുതവണ എംഎല്‍എ ആയവരും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ വഴിമാറട്ടെ എന്നാണ് മുസ്ലിം ലീഗിന്റെ തീരുമാനം. അതേസമയം രണ്ട് പേര്‍ക്ക് മാത്രമായിരിക്കും ഇളവ് നല്‍കുക. പികെ കുഞ്ഞാലിക്കുട്ടി, എംകെ മുനീര്‍ എന്നിവര്‍ക്കായിരിക്കും ഇളവ്. ടേം വ്യവസ്ഥ വന്നാല്‍ പ്രമുഖര്‍ മാറി നില്‍ക്കേണ്ടി വരും.
ടേം വ്യവസ്ഥ മുസ്ലിം ലീഗ് നടപ്പാക്കിയാല്‍ മാറി നില്‍ക്കേണ്ടിവരുന്നവരില്‍ പ്രമുഖരുടെ നീണ്ടനിരയുണ്ട്. തീരുമാനം നടപ്പായാല്‍ എംഎല്‍എമാരായ എന്‍ എ നെല്ലിക്കുന്ന് (കാസര്‍ഗോഡ്), പി കെ ബഷീര്‍ (ഏറനാട്), പി ഉബൈദുള്ള (മലപ്പുറം), മഞ്ഞളാംകുഴി അലി (മങ്കട), ഷംസുദ്ദീന്‍ (മണ്ണാര്‍ക്കാട്) എന്നിവര്‍ക്ക് സീറ്റ് ലഭിക്കില്ല. അഞ്ചുതവണ നിയമസഭയില്‍ എത്തിയ കെ പി എ മജീദിനും അവസരം ലഭിച്ചേക്കില്ല.
ഇവര്‍ക്ക് പുറമേ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി, കേരള ബാങ്ക് ഡയറക്ടര്‍ തുടങ്ങി ഒട്ടേറെ പദവികള്‍ വഹിക്കുന്ന വള്ളിക്കുന്ന് എംഎല്‍എ പി അബ്ദുല്‍ ഹമീദ് മാസ്റ്ററും ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്ന മഞ്ചേരി എംഎല്‍എ യുഎ ലത്തീഫും മാറിയേക്കും എന്നും സൂചനയുണ്ട്. ഇവര്‍ ഒഴിയുന്ന സീറ്റുകള്‍ക്ക് പുറമേ കഴിഞ്ഞതവണ മത്സരിച്ച തോറ്റ സീറ്റുകളിലും യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും അവസരം ലഭിച്ചേക്കും.
സീറ്റ് ലഭിക്കാൻ സാധ്യതയുള്ളവര്‍
- എം റഹ്മത്തുള്ള (എസ് ടി യു അഖിലേന്ത്യ ജനറൽ സെക്രട്ടറി )
- അഷ്റഫ് കോക്കൂർ
- സി പി സൈതലവി (ചന്ദ്രിക)
- എം എ സമദ് (യൂത്ത് ലീഗ്)
- പി കെ നവാസ്
- പി കെ ഫിറോസ്
- കെ എം ഷാജി
- ടി പി അഷ്റഫലി
- മുജീബ് കാടേരി (മലപ്പുറം നഗരസഭ ചെയര്‍മാന്‍)
- നൗഷാദ് മണ്ണിശ്ശേരി
- എം കെ റഫീഖ (മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്)