തിരുവനന്തപുരം : അന്‍വര്‍ വലതുപക്ഷത്തിന്റെ കൈയിലെ കോടാലിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അന്‍വറിന്റെ നിലപാടിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം. കമ്യൂണിസ്റ്റ് പാര്‍ട്ടി സംവിധാനത്തെ കുറിച്ച് അന്‍വറിന് ധാരണയില്ലെന്നും അദ്ദേഹം പറഞ്ഞു.
അന്‍വര്‍ പഴയ കാല കോണ്‍ഗ്രസ് പ്രവര്‍ത്തന പാരമ്പര്യമുള്ള കുടുംബമാണ്. കരുണാകരനൊപ്പം ഡിഐസി, പിന്നീട് കോണ്‍ഗ്രസില്‍ പോയില്ല. തുടര്‍ന്ന് പാര്‍ട്ടിയുടെ ഭാഗമായി. സാധാരണക്കാരുടെ വികാരം ഉള്‍ക്കൊണ്ടല്ല അന്‍വര്‍ പ്രവര്‍ത്തിച്ചത്. കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാകാന്‍ ഇതുവരെ അന്‍വറിന് കഴിഞ്ഞില്ല. വര്‍ഗ ബഹുജന സംഘടനകളിലും പ്രവര്‍ത്തിച്ചിരുന്നില്ല. അതുകൊണ്ട് പാര്‍ട്ടിയെ കുറിച്ചോ, നയങ്ങളെ കുറിച്ചോ വ്യക്തമായ ധാരണയുണ്ടായിരുന്നില്ലെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു.
ചില്ലിക്കമ്പാണെങ്കില്‍ ചവിട്ടി അമര്‍ത്താം. ഒരു കെട്ടാണെങ്കില്‍ എളുപ്പമാവില്ല. അതുപോലെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. പാര്‍ട്ടിയെ ഇല്ലായ്മ ചെയ്യാന്‍ അന്‍വറല്ല, ആര് ശ്രമിച്ചാലും നടക്കില്ല. ഫോണ്‍ ചോര്‍ത്തല്‍ ഗൗരവമുള്ള വിഷയമാണ്. അതേ കുറിച്ച് നല്ല രീതിയില്‍ അന്വേഷണം നടക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.