നന്നമ്പ്ര :അനാഥരായ മൂന്ന് പെൺകുട്ടികൾക്ക് ലൈഫ് ഭവനപദ്ധതിയിൽ വീട് അനുവദിക്കാതിരുന്നത് നന്നമ്പ്ര പഞ്ചായത്ത് ഭരണസമിതിയുടെ പിടിപ്പുകേടന്ന് സിപിഎം നന്നമ്പ്ര ലോക്കൽ കമ്മിറ്റി അംഗങ്ങൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിൽ ഒരു പഞ്ചായത്തിലും സർക്കാർ നേരിട്ട് ലൈഫ് ഭവനപദ്ധതിക്കുള്ള ലിസ്റ്റ് തയ്യാറാക്കിയിട്ടില്ല. ലൈഫ് ഭവനപദ്ധതിയുടെ മാനദണ്ഡങ്ങൾ പ്രകാരം പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും പരിശോധന നടത്തിയാണ് ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. ആദ്യലിസ്റ്റിൽ പെടാത്ത കുടുംബങ്ങളെ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിന് ബ്ലോക്കിലും, കലക്ടറേറ്റിലും പരാതി നൽകാൻ സർക്കാർ അവസരം നൽകിയിരുന്നു.
മാത്രമല്ല ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിയാത്ത കുടുംബങ്ങളെ കണ്ടെത്തി അതിദാരിദ്ര്യകുടുംബങ്ങളുടെ പട്ടിക തയ്യാറാക്കാൻ പഞ്ചായത്തുകളോട് സർക്കാർ നിർദ്ദേശം നൽകിയിരുന്നു. ഇത് തയ്യാറാക്കേണ്ടത് പഞ്ചായത്തംഗവും, ഗ്രാമസഭയുമാണ്.
ഇത്രയും അവസരങ്ങൾ ഉണ്ടായിട്ടും മുസ്ലിംലീഗ് ഭരിക്കുന്ന നന്നമ്പ്ര പഞ്ചായത്ത് ഭരണസമിതി ഒന്നുംചെയ്യാതെ പാവപ്പെട്ട ഈ കുടുംബത്തെ മുൻനിർത്തി സർക്കാരിനെതിരെയും, ലൈഫ്മിഷൻ പദ്ധതിയെയും രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഉപയോഗിക്കുകയാണ് ഉണ്ടായത്. തീർത്തും നീചവും ഹീനവുമായ പ്രവൃത്തിയാണ് മുസ്ലിംലീഗ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സിപിഎം നേതാക്കൾ പറഞ്ഞു.
നാട് ഒന്നിച്ച് ഈ കുടുംബത്തെ സംരക്ഷിക്കേണ്ട ചുമതലയാണ്. പാവപ്പെട്ടവരും, നിരാലംബരുമായ കുടുംബത്തെ മുൻനിർത്തി കേരളസർക്കാരിനെയും സിപിഎമ്മിനെയും അപകീർത്തിപ്പെടുത്താനുള്ള രാഷ്ട്രീയ നീക്കങ്ങളെ ജനം തിരിച്ചറിയണമെന്നും സിപി എം ആവശ്യപ്പെട്ടു.
സിപി എം താനൂർ ഏരിയ കമ്മിറ്റി അംഗം എം അനിൽകുമാർ, നന്നമ്പ്ര ലോക്കൽ സെക്രട്ടറി കെ ഗോപാലൻ, കെ ബാലൻ, നന്നമ്പ്ര പഞ്ചായത്തംഗം പി പി ഷാഹുൽഹമീദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ലൈഫ് പദ്ധതിയിൽ അനുവദിച്ച വീട്, സഹോദരിമാർക്ക് ‘കുടുംബം’ ഇല്ലെന്നതിനാൽ നിഷേധിച്ചിരുന്നു. ലൈഫ് മാനദണ്ഡങ്ങൾ പ്രകാരം ഇവർക്ക് വീട്
നൽകാനാവില്ലെന്ന് അധികൃതർ അറിയിക്കുകയായിരുന്നു. ഇത് വിവാദമായതോടെ ചാലക്കുടി ആസ്ഥാനമായുള്ള ഫിലോകാലിയ ഫൗണ്ടഷൻ ഇവർക്ക് വീട് നിർമിച്ചു നൽകാമെന്ന് വാഗ്ദാനം നൽകുകയും കഴിഞ്ഞ ദിവസം വീട് നിർമാണം തുടങ്ങുകയും ചെയ്തിരുന്നു. ലൈഫ് മാനദണ്ഡങ്ങളിൽ അവ്യക്തത ഉള്ളതാണ് വീട് നഷ്ടപ്പെടാൻ കാരണമെന്ന് ഭരണസമിതി ആരോപിച്ചിരുന്നു. ഇതേ തുടർന്നാണ് സിപിഎം ലോക്കൽ കമ്മിറ്റിയുടെ വിശദീകരണം.