മലപ്പുറം ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബിന് പുതിയ കെട്ടിടം സ്ഥാപിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യം. മലപ്പുറം കോട്ടപ്പടിയില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ (ഡി.ഡി.ഇ) ഓഫീസിനു സമീപത്തെ 20 സെന്റ് സ്ഥലം ലാബിനായി ഉപയോഗപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു. പി. ഉബൈദുല്ല എം.എല്‍.എയാണ് ഈ ആവശ്യം ഉന്നയിച്ചത്. പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി ദേശീയ ആരോഗ്യ ദൗത്യത്തിന് 1.25 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ബാക്കി വരുന്ന തുക എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിക്കാന്‍ തയ്യാറാണെന്നും എം.എല്‍.എ പറഞ്ഞു. നിര്‍ദ്ദിഷ്ട സ്ഥലം സന്ദര്‍ശിച്ച് ലാബ് കെട്ടിടം നിര്‍മിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കാന്‍ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പു മേധാവികള്‍ക്ക് ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും ഒഴിവുകള്‍ അടിയന്തിരമായി നികത്തുന്നതിനും മഞ്ചേരി മെഡിക്കല്‍ കോളേജില്‍ രാത്രികാല പോസ്റ്റുമോര്‍ട്ടം ആരംഭിക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും എം.എല്‍.എമാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
വിദ്യാര്‍ഥികള്‍ക്കിടയിലെ മയക്കുമരുന്ന്, ലഹരി ഉപയോഗം തടയാന്‍ ഹയര്‍സെക്കന്ററി, ഹൈസ്കൂളുകള്‍ കേന്ദ്രീകരിച്ച് ശക്തമായ കാമ്പയിന്‍ സംഘടിപ്പിക്കണമെന്ന് പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ ആവശ്യപ്പെട്ടു. പലയിടത്തും കുട്ടികളെ കാരിയര്‍മാരായി ഉപയോഗപ്പെടുത്തുന്നുണ്ട്. ഇത് തടയുന്നതിനായി പൊലീസ്, എക്സൈസ് വകുപ്പുകള്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന സംയുക്ത പരിശോധന ശക്തിപ്പെടുത്തണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. സ്കൂളുകളില്‍ ലഹരി വിരുദ്ധ ബോധവത്കരണത്തോടൊപ്പം കൗണ്‍സലര്‍മാരുടെ സേവനവും ഉറപ്പാക്കുമെന്നും സ്കൂള്‍ പരിസരങ്ങളില്‍ ചുറ്റിക്കറങ്ങുന്ന സ്ഥിരം സന്ദര്‍ശകരെ നിരീക്ഷിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയതായും ജില്ലാ കളക്ടര്‍ അറിയിച്ചു. പി.ആര്‍.ഡി അടക്കമുള്ള വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ലഹരിക്കെതിരെ കാമ്പയിന്‍ നടത്തും. ലഹരിക്കെതിരായ സ്കൂള്‍ തല ജാഗ്രതാ സമിതി പുനഃസംഘടിപ്പിക്കും. പകര്‍ച്ചാവ്യാധി നിയന്ത്രണത്തിന്റെ ഭാഗമായി സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ മാസ്ക് ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വിദ്യാഭ്യാസ ഉപഡയക്ടര്‍ക്കും ഹയര്‍സെക്കന്ററി മേഖലാ ഉപഡയറക്ടര്‍ക്കും നിര്‍ദ്ദേശം നല്‍കി. വാര്‍ഡു തല ജാഗ്രതാ സമിതികള്‍ ചേരുന്നുണ്ടെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ ഉറപ്പാക്കണം. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഹരിതചട്ടം പാലിക്കുന്നുണ്ടെന്ന് അതത് വകുപ്പു മേധാവികള്‍ ഉറപ്പാക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു.
ഈഴുതിരുത്തി ശ്മശാനം ആധുനികവത്കരിക്കുന്ന പ്രവൃത്തികളുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായതായി പി. നന്ദകുമാര്‍ എം.എല്‍.എയുടെ ചോദ്യത്തിനുത്തരമായി തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. ദേശീയ പാത 66 ന്റെ നവീകരണത്തിന്റെ ഭാഗമായി പൂര്‍ത്തിയായ അണ്ടര്‍പാസുകള്‍ തുറന്നു കൊടുക്കണമെന്ന് പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ ആവശ്യപ്പെട്ടു. റോഡുകളിലെ കുഴികള്‍ അടക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അഡ്വ. യു.എ ലത്തീഫ് എം.എല്‍.എ ആവശ്യപ്പെട്ടു.
ജില്ലാ ആസൂത്രണ സമിതി കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ പി. ഉബൈദുല്ല, കെ.പി.എ മജീദ്, പി. നന്ദകുമാര്‍, പി. അബ്ദുല്‍ ഹമീദ്, അഡ്വ. യു.എ ലത്തീഫ്, നജീബ് കാന്തപുരം, കുറുക്കോളി മൊയ്തീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മാഈല്‍ മൂത്തേടം, എ.ഡി.എം എന്‍.എം മെഹറലി, ജില്ലാ പ്ലാനിങ് ഓഫീസര്‍ എ.എം സുമ, വിവിധ വകുപ്പ് ജില്ലാ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.