
മലപ്പുറം : വിവിധ സമുദായങ്ങളെ ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും തെരഞ്ഞെടുപ്പ് ജയിക്കാനുള്ള സിപിഎം ശ്രമത്തെ നിലമ്പൂരിലെ ജനങ്ങള്‍ പരാജയപ്പെടുത്തിയെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ഉപതെരഞ്ഞെടുപ്പില്‍ സിപിഎം ആസൂത്രിതമായി നടത്തിയ ധ്രുവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയമായ മറുപടിയാണ് ജനങ്ങള്‍ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പുണ്ടാക്കിയ രാഷ്ട്രീയകാരണങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ സംഘപരിവാറിനെ തോല്‍പ്പിക്കുന്ന വര്‍ഗ്ഗീയ പ്രചാരണം സിപിഎം നടത്തിയെങ്കിലും യഥാര്‍ത്ഥ കാരണങ്ങള്‍ മനസ്സിലാക്കി തന്നെയാണ് ജനങ്ങള്‍ വോട്ട് വിനിയോഗിച്ചതെന്നാണ് ഫലം സൂചിപ്പിക്കുന്നത്. സര്‍ക്കാരിനെതിരായ ജനരോഷവും ഭരണവിരുദ്ധ വികാരവും തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രകടമാണെന്നും റസാഖ് പാലേരി പറഞ്ഞു.
വെല്‍ഫെയര്‍ പാര്‍ട്ടിയെ മുന്‍നിര്‍ത്തി സിപിഎം നടത്തിയ ദുഷ്ടപ്രവര്‍ത്തനത്തെ ജനങ്ങള്‍ പുച്ഛിച്ച് തള്ളിയിരിക്കുന്നു. 9 വര്‍ഷത്തെ ഭരണത്തിന്റെ നേട്ടങ്ങളോ ജീവല്‍ രാഷ്ട്രീയത്തെയോ കുറിച്ച് സംസാരിക്കാനുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ട സിപിഎം അത്തരം ചര്‍ച്ചകളില്‍ നിന്ന് രക്ഷപ്പെടാന്‍ കൃതൃമ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ചെയ്തത്. സംസ്ഥാനത്തിന്റെ സാമൂഹ്യ ഘടനക്ക് ദീര്‍ഘകാല ആഘാതം സൃഷ്ടിക്കുന്ന കേരള സിപിഎമ്മിന്റെ അപകടകരമായ ഈ സമീപനം ജനം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം ജില്ലയുടെ വികസനാവശ്യങ്ങളെയും ജില്ലയിലെ ജനസാമാന്യത്തെയും ഭീകരവല്‍ക്കരിച്ച ഇടതു നയത്തിന് ജനങ്ങള്‍ നല്കിയ ശിക്ഷയാണ് തെരഞ്ഞെടുപ്പ് ഫലം. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ അനുകൂലിക്കാത്തവര്‍ക്ക് നേരെ വര്‍ഗീയ ആരോപണങ്ങള്‍ ഉന്നയിച്ചും തീവ്രവാദ മുദ്ര ചാര്‍ത്തിയുമാണ് സിപിഎം തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ നടത്തിയത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് ബി.ജെ.പിയെ നാണിപ്പിക്കുന്ന വിദ്വേഷ പ്രചാരണം നടന്നത്. ഭരണകൂട പരാജയം മറച്ചു പിടിക്കാന്‍ സംഘ്പരിവാര്‍ ദേശീയതലത്തില്‍ ഉപയോഗിക്കുന്ന മുസ്ലിം വിരുദ്ധതയെ ബോധപൂര്‍വ്വം നിലമ്പൂരില്‍ ഉപയോഗപ്പെടുത്താനാണ് സിപിഎം ശ്രമിച്ചത്.
സംസ്ഥാന ആഭ്യന്തര വകുപ്പിനെ സംഘപരിവാറിന് വിട്ടുകൊടുക്കുകയും സംഘ്പരിവാറിന്റെ മുസ്ലിം ഭീതി രാഷ്ട്രീയ ലൈനായി സ്വീകരിക്കുകയുമാണ് സിപിഎം ചെയ്തത്. ആര്‍എസ്എസുമായി ഉണ്ടാക്കിയ രഹസ്യ ബാന്ധവത്തിന്റെ ആവേശ തള്ളിച്ചയായിരുന്നു എം.വി ഗോവിന്ദന്റെ തുറന്നു പറച്ചില്. വെള്ളാപ്പള്ളിയുടെ നിലമ്പൂര്‍ പ്രസംഗം ഇടതുപക്ഷവുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു എന്ന് വേണം കരുതാന്‍. മണ്ഡലത്തില്‍ നിര്‍ണ്ണായക സ്വാധീനമുള്ള ഈഴവ സമൂഹത്തില്‍ മുസ്ലിം വെറുപ്പ് സൃഷ്ടിക്കാന്‍ നടത്തിയ ശ്രമത്തെ തള്ളിപ്പറയുന്നതിന് പകരം കെട്ടിപ്പിടിച്ച് അഭിനന്ദിച്ചത് ഇത് കൊണ്ടാണ്. മുസ്ലിം സമുദായയത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയിലും ഭിന്നിപ്പുണ്ടാക്കാന്‍ സിപിഎം ശ്രമിച്ചു. ഇത്തരം വിഷലിപ്തമായ ശ്രമങ്ങള്‍ മുഴുവന്‍ നടത്തിയിട്ടും സിപിഎമ്മിന് വിജയിക്കാന്‍ കഴിഞ്ഞില്ല. ഇത് നിലമ്പൂരിലെ ജനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയ ബോധ്യത്തിന്റെ വിജയമാണ്.
വെല്‍ഫെയര്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് നയത്തിന് ഒപ്പം നിന്ന് ധ്രുവീകരണ രാഷ്ട്രീയത്തെ പരാജയപ്പെടുത്തിയ നിലമ്പൂരിലെ വോട്ടര്‍മാരെ അഭിവാദ്യം ചെയ്യുന്നുവെന്നും നിലമ്പൂര്‍ മുന്നോട്ട് വെച്ച രാഷ്ടീയത്തെ കേരളം ആകമാനം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.