Friday, July 18

നിപ: 16 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 472 പേര്‍ : മന്ത്രി വീണാ ജോര്‍ജ്

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന 16 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എല്ലാവരും ലോ റിസ്ക് വിഭാഗത്തിൽ ഉള്ളവരാണ്. ഇതുവരെയായി ആകെ 58 സാമ്പിളുകളാണ് നെഗറ്റീവായത്. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിൽ ആരോഗ്യ മന്ത്രി ഓൺലൈനായി പങ്കെടുത്തു.

ഇന്ന് മൂന്ന് പേര്‍ അഡ്മിറ്റായിട്ടുണ്ട്. ആകെ 21 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളെജുകളിലായി അഡ്മിഷനിലുള്ളത്. ഇവരിൽ 17 പേര്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. ഇന്ന് പുതുതായി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയത് 12 പേരെയാണ്. ഇവരെല്ലാവരും സെക്കൻഡറി കോണ്ടാക്ട് ആണ്. ഇതോടെ ആകെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 472 ആയി. 220 പേരാണ് ഹൈറിസ്ക് വിഭാഗത്തിലുള്ളത്. ഇന്ന് പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലായി 8376 വീടുകളില്‍ പനി സര്‍വെ നടത്തി. ആകെ 26,431 വീടുകളിലാണ് ഇതുവരെ സര്‍വ്വെ നടത്തിയത്. നാളെയോടെ എല്ലാ വീട്ടുകളിലും സർവ്വെ പൂർത്തിയാക്കാനാവും.
224 പേര്‍ക്ക് ഇന്ന് മാനസിക പിന്തുണക്കായി കൗണ്‍സലിങ് നല്‍കിയിട്ടുണ്ട്.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തിൽ ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ്, ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.കെ.ജെ റീന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക, നാഷണൽ സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ പ്രതിനിധികൾ തുടങ്ങിയവരും ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ നമദേവ് കോബർഗഡേ ഓൺലൈനായും പങ്കെടുത്തു.

error: Content is protected !!