തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെയുള്ള നിഖാബ് വിലക്ക് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിര് : എസ്.ഡി.പി.ഐ

തിരൂരങ്ങാടി : പി.എസ്.എം.ഒ കോളേജില്‍ പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികള്‍ക്ക് നിഖാബ് വിലക്കിയത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരാണെന്ന് എസ്.ഡി.പി.ഐ തിരൂരങ്ങാടി നിയോജക മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടി പ്രസ്താവിച്ചു. വെള്ളിയാഴ്ച വെളിമുക്ക് ക്രസന്റ് എസ്.എന്‍.ഇ.സി കാംപസിലെ 35 വിദ്യാര്‍ഥിനികള്‍ക്കാണ് പി.എസ്.എം.ഒ കോളേജില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഡിഗ്രി പരീക്ഷ എഴുതാനെത്തിയപ്പോള്‍ ദുരനുഭവമുണ്ടായത്.

ബി.എ പൊളിറ്റിക്കല്‍ സയന്‍സ് മൂന്നാം വര്‍ഷ സെമസ്റ്റര്‍ എഴുതാനായാണ് 35 വിദ്യാര്‍ഥിനികള്‍ പരീക്ഷ സെന്ററായി അനുവദിക്കപ്പെട്ട തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിലെത്തിയത്. പരീക്ഷ ഹാളില്‍ പ്രവേശിക്കുന്നതിന് മുമ്പായി ഇന്‍വിജിലേറ്ററിന് മുമ്പില്‍ ഹിജാബ് നീക്കി പരിശോധിച്ചതിന് ശേഷം ഇവര്‍ പരീക്ഷ ഹാളിലേക്ക് കയറി പരീക്ഷ എഴുതുകയും, പരീക്ഷ കഴിഞ്ഞ് വിദ്യാര്‍ഥിനികള്‍ നിഖാബ് ധരിച്ച് പുറത്തിറങ്ങുന്നത് കണ്ട കോളജ് പ്രിന്‍സിപ്പല്‍ ഇത് ക്യാമ്പസില്‍ അനുവദിക്കില്ലന്ന ശകാരമാണ് കുട്ടികള്‍ക്ക് നേരെ നടത്തിയതെന്ന് വിദ്യാര്‍ത്ഥിനികള്‍ പറയുന്നു.

തങ്ങളെ പരീക്ഷക്ക് മുന്‍പ് ഹിജാബടക്കം ഊരി പരിശോധിച്ചതാണെന്ന് പറഞ്ഞിട്ടും പ്രിന്‍സിപ്പല്‍ തങ്ങളെ അപമാനിക്കുകയായിരുന്നന്നാണ് പറയുന്നത്. കുട്ടികള്‍ പഠനം നടത്തുന്ന സ്ഥാപനത്തില്‍ ഇത്തരം വേഷമാണ് ഉപയോഗിക്കുന്നത്. പരീക്ഷാ സെന്റര്‍ മറ്റൊരു കോളേജായതിനാല്‍ അവിടുത്തെ നിയമം അനുശാസിക്കണമെന്ന് പറയുന്നതില്‍ നീതികേടുണ്ട്. പരീക്ഷക്ക് കയറുന്നതിന് മുന്‍പ് നിഖാബും, ഹിജാബും അഴിച്ച് സുരക്ഷ ഉറപ്പ് വരുത്തി പരീക്ഷ എഴുതി പുറത്തിറങ്ങി തിരിച്ച് വീട്ടിലേക്ക് പോവാനിരിക്കെയാണ് പ്രിന്‍സിപ്പലുടെ നടപടിയെന്നും അദ്ദേഹം പറഞ്ഞു.

മതപരമായ വിശ്വാസം വച്ച് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ വസ്ത്രാധിക്ഷേപം നടത്തിയത് അങ്ങേയറ്റം അപലനീയമാണ്. ഉത്തരേന്ത്യയിലടക്കം ഇത്തരം സംഭവങ്ങള്‍ ഫാഷിസ്റ്റ് ഭരണകൂടങ്ങള്‍ നടപ്പില്‍വരുത്തുന്നത് പ്രതിഷേധം ഉയരുന്നതിനിടെയാണ് മുസ്ലീം ലീഗടക്കമുള്ള ഉന്നതര്‍ നിയന്ത്രിക്കുന്ന സ്ഥാപനത്തില്‍ ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നത്. ന്യൂനപക്ഷ ഉന്നമനത്തിനായി തുടങ്ങിയ മുസ്ലീം മാനേജ്‌മെന്റിന് കീഴില്‍ ഉള്ള സ്ഥാപനത്തിലെ അധികാരികള്‍ തന്നെ മതപരമായ വിശ്വാസങ്ങള്‍ വച്ച് പുലര്‍ത്തുന്നത് വിലക്കുന്നത് നീതികരിക്കാനാവില്ലെന്നും, കുട്ടികള്‍ക്ക് നേരെ നടന്ന പി.എസ്എം.ഒ കോളേജ് അധികൃതരുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നും അദ്ധേഹം പറഞ്ഞു.

error: Content is protected !!