Sunday, July 27

ഇനി ദൂരപരിധിയില്ല, ഓട്ടോറിക്ഷകള്‍ക്ക് കേരളം മുഴുവന്‍ സര്‍വീസ് നടത്താം ; പെര്‍മിറ്റില്‍ ഇളവ് നല്‍കി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതല്‍ ഓട്ടോറിക്ഷകള്‍ക്ക് ദൂരപരിധിയില്ല, കേരളത്തില്‍ മുഴുവനും സര്‍വീസ് നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തിലാണ് ഓട്ടോറിക്ഷാ പെര്‍മിറ്റില്‍ ഇളവ് നല്‍കി സര്‍ക്കാര്‍ തീരുമാനം. ഓട്ടോറിക്ഷ യൂണിയന്റെ സിഐടിയു കണ്ണൂര്‍ മാടായി ഏരിയ കമ്മിറ്റി നല്‍കി അപേക്ഷ പരിഗണിച്ചാണ് പെര്‍മിറ്റിലെ ഇളവ്. അപകട നിരക്ക് കൂട്ടുമെന്ന മുന്നറിയിപ്പുകള്‍ തള്ളിയാണ് സിഐടിയുവിന്റെ ആവശ്യപ്രകാരം സംസ്ഥാന ട്രാന്‍സ്‌ഫോര്‍ട്ട് അതോറിറ്റിയുടെ ഈ തീരുമാനം.

പെര്‍മിറ്റില്‍ ഇളവ് ലഭിക്കുന്നതിനായി ഓട്ടോറിക്ഷ സ്റ്റേറ്റ് പെര്‍മിറ്റ് ആയി രജിസ്ട്രര്‍ ചെയ്യണം. ‘ഓട്ടോറിക്ഷ ഇന്‍ ദ സ്റ്റേറ്റ്’ എന്ന രീതിയില്‍ പെര്‍മിറ്റ് സംവിധാനം മാറ്റും. ഓട്ടോറിക്ഷകള്‍ക്ക് ജില്ലാ അതിര്‍ത്തിയില്‍ നിന്നും 20 കിലോമീറ്റര്‍ മാത്രം യാത്ര ചെയ്യാനായിരുന്നു ഇതുവരെ പെര്‍മിറ്റ് നല്‍കിയിരുന്നത്. ഓട്ടോകള്‍ക്ക് ദീര്‍ഘദൂര സര്‍വീസ് നടത്തുന്നതിലെ അപകട സാധ്യത കണക്കിലെടുത്തുകൊണ്ടായിരുന്നു പെര്‍മിറ്റ് നിയന്ത്രിയിച്ചിരുന്നത്. എന്നാല്‍, പെര്‍മിറ്റില്‍ ഇളവ് വരുത്തണമെന്ന് സിഐടിയു പല പ്രാവശ്യം ആവശ്യപ്പെട്ടിരുന്നു. ഈ വിഷയം ഒന്നിലധികം തവണ മോട്ടോര്‍ വാഹനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്തിരുന്നു.

ദീര്‍ഘദൂര യാത്രക്ക് ഡിസൈന്‍ ചെയ്തിട്ടുള്ള വാഹനമല്ല ഓട്ടോ റിക്ഷ, സീല്‍റ്റ് ബെല്‍റ്റ് ഉള്‍പ്പെടെ ഇല്ല, മാത്രമല്ല അതിവേഗ പാതകള്‍ സംസ്ഥാനത്ത് വരുകയാണ്. റോഡുകളില്‍ ഓട്ടോക്ക് അനുവദിച്ചിരിക്കുന്ന പരമാവധി വേഗം 50 കിലോമീറ്ററാണ്. അതിവേഗപാതകളില്‍ പുതിയ വാഹനങ്ങള്‍ പായുമ്പോള്‍ ഓട്ടോകള്‍ ദീര്‍ഘദൂര സര്‍വീസ് നടത്തുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്നും ഉദ്യോഗസ്ഥ തല യോഗം വിലയിരുത്തിയിരുന്നു. അതോറിറ്റി യോഗത്തിലെ ചര്‍ച്ചയില്‍ പങ്കെടുത്തവരും അപകട സാധ്യത ചൂണ്ടികാട്ടി. പക്ഷെ ഇതെല്ലാം തള്ളിയാണ് അതോറിറ്റി തീരുമാനമെടുത്ത്. യാത്രക്കാരുടെ സുരക്ഷ ഡ്രൈവര്‍ ഉറപ്പുവരുത്തണമെന്ന നിബന്ധനയുണ്ട്. ഗതാഗത കമ്മീഷണറും ട്രാഫിക് ചുമതലയുള്ള ഐജിയും അതോറിറ്റി സെക്രട്ടറിയും ചേര്‍ന്നാണ് തീരുമാനമെടുത്തത്.

error: Content is protected !!