Thursday, April 2

വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം നൂർബിന റഷീദ് രാജിവച്ചു; ഫാത്തിമ തഹ്ലിയ്ക്ക് രൂക്ഷ വിമർശനം

കോഴിക്കോട് : നിയമസഭ സീറ്റ് പ്രഖ്യാപനത്തിന് ശേഷം അസംതൃപ്തിയായിരുന്ന വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. നൂർബീന റഷീദ് സ്ഥാനം രാജിവെച്ചതായി വാർത്താസമ്മേളനത്തിൽ അറിയിച്ചു. എന്നാൽ പാർട്ടി വിട്ടിട്ടില്ലെന്നും പക്ഷേ നാളെ എന്ത് എന്ന് പറയാനാകില്ലെന്നും ഇവർ പറഞ്ഞു. ലീഗ് സംസ്ഥാന നേതൃത്വത്തിനെതിരെയും പേരാമ്പ്രയിലെ സ്ഥാനാർഥി ഫാത്തിമ തെഹലിയക്കെതിരെയും അതിരൂക്ഷ വിമർശനങ്ങള്‍ ഉയർത്തിയാണ് രാജി.

. വനിതാ ലീഗ് കെട്ടിപടുത്തത് ഏറെ കഷ്ടപ്പെട്ട് ആണ്. സംസ്ഥാന വനിതാ ലീഗ് രൂപീകരിച്ചത് മുതൽ ഭാരവാഹി ആണ്. ഇതുവരെ പാർട്ടി നേതൃത്വത്തെ ചോദ്യം ചെയ്തിട്ടില്ല. എന്നാൽ പാർട്ടി വിട്ടിട്ടില്ലെന്നും അവർ വ്യക്തമാക്കി.

വനിതാ ലീഗിനെയും, മുസ്ലിം ലീഗിനെയും നെഞ്ചോട്‌ ചേർത്താണ് ഇത്രയും കാലം മുന്നോട്ട് പോയത്. സമ്പാദിക്കാൻ വേണ്ടിയല്ല വനിതാ ലീഗ് രാഷ്ട്രീയത്തിൽ ഇറങ്ങിയത്. ഒരു സ്ഥാനമാനങ്ങളും ഞാൻ ചോദിച്ചു വാങ്ങിയതല്ല. എല്ലാം പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വങ്ങളെന്നും അവർ പറഞ്ഞു.

ഫാത്തിമ തഹ്ലിയക്കെതിരെ രൂക്ഷമായ വിമർശനമാണ് നൂര്‍ബിന റഷീദ് ഉയർത്തിയത്. മുസ്ലിം ലീഗ് പാർട്ടി വിടുന്നില്ലെന്നും ലീഗിൽ തുടരാനാവുമെന്ന് കരുതുന്നുവെന്നും നാളത്തെ കാര്യം പറയാനാവില്ലെന്നും അവർ വാർത്താ സമ്മേളനത്തിൽ‌ പറഞ്ഞു. ഹരിതവിവാദം സൃഷ്ടിച്ചയാളാണ് ഫാത്തിമ തെഹ്ലിയ. തലമുറ മാറ്റം വേണമെങ്കിൽ ഒരുപാട് കുട്ടികൾ ഉണ്ടായിരുന്നു. എന്തുകൊണ്ട് അവരെ പരിഗണിച്ചില്ല.

ഹരിത വിവാദത്തിൽ ലൈംഗിക ആരോപണമായി മൂന്ന് പെൺകുട്ടികൾ രംഗത്ത് വന്നു ലൈംഗിക ആരോപണം സത്യമാണെങ്കിൽ അവർ ഏതറ്റം വരെയും പോരാടും. എന്നാൽ കോടതിയിൽ എന്തുണ്ടായി?. ഒരു മടിയും ഇല്ലാതെ പരാതി പിൻവലിച്ചു.

പാണക്കാട് തങ്ങളെ നാലാം ഖലീഫ എന്ന് ഫാത്തിമ തെഹ്‌ലിയ വിളിച്ചു. പരാതിയുണ്ടെങ്കിൽ ഉറച്ച് നിൽക്കണമായിരുന്നു. തെഹ്ലിയക്ക് സീറ്റ് നൽകില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി അടക്കം ഉറപ്പ് നൽകി. തെഹ്‌ലിയ പാണക്കാട് കറങ്ങി നടന്നു. തങ്ങളുടെ വീട്ടിൽ പോകാൻ ഫാത്തിമക്ക് അവസരം നൽകി. എന്നാൽ തനിക്ക് പോകാൻ അനുവാദം നൽകിയില്ലെന്നും നൂർബിന റഷീദ് പറഞ്ഞു.

5 വർഷം കോർപ്പറേഷനിൽ കഴിവ് തെളിയിച്ചിട്ടാണ് ഫാത്തിമക്ക് പേരാമ്പ്രയിൽ അവസരം നൽകേണ്ടിയിരുന്നത്.

സമരത്തിൽ വനിത ലീഗ് പങ്കെടുക്കാൻ പാടില്ല എന്നാണ്. ഇന്ന് പലരും പങ്കെടുക്കുന്നു, അറസ്റ്റ് വരിക്കുന്നു. ഫോട്ടോ ഷൂട്ടിനുള്ളതാണ് ഇത് പലതും. റീലാണ് പ്രശ്നം.എം.കെ. മുനീറിനോട് കാണിച്ചത് അനീതി. അവസാനം വരെ അദ്ദേഹത്തിന് വാഗ്ദാനം, മോഹം നൽകി. അവസാനം ഒഴിവാക്കി. മുനീർ സാഹിബിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉണ്ടായ ആക്രമണം ആസൂത്രിതം. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പേയാണ് ഇത് വന്നതെന്നും അവർ വ്യക്തമാക്കി.

എം കെ മുനീറിന് സ്ഥാനാർത്ഥിത്വം നിഷേധിക്കാൻ സമൂഹമാധ്യമങ്ങളില്‍ ചില സംഘടിത ശ്രമങ്ങള്‍ ഉണ്ടായി. ഇതിന്റെ ഉറവിടം എവിടെ നിന്നാണെന്ന് അറിയാം. വനിതാ സ്ഥാനാർത്ഥികള്‍ കോപ്രായങ്ങള്‍ കാട്ടുമ്പോള്‍ നേരത്തെ നിലപാടുകള്‍ എടുത്തിരുന്ന സമസ്ത നേതാക്കളുടെ ആദർശം എവിടെപ്പോയി. മുസ്ലിംലീഗിലെ വനിതകള്‍ ഇടയ്ക്കിടെ ഗള്‍ഫില്‍ പോകുന്നു. രാഷ്ട്രീയം ധനാഗമന മാർഗമായി തങ്ങള്‍ കണ്ടിട്ടില്ലെന്നും പണാധിപത്യം പാടില്ലെന്നും മുസ്ലിം ലീഗ് ഉള്‍പ്പെടെ സോഷ്യല്‍ ഓഡിറ്റിന് വിധേയമാകണമെന്നും നൂർബിനാ റഷീദ് പറഞ്ഞു.

error: Content is protected !!