പത്ത് വര്‍ഷം മുമ്പ് മരിച്ച ഭാര്യയുടെ പേരില്‍ സീറ്റ് ബെല്‍റ്റ് ഇടാത്തതിന് പിഴ അടക്കാന്‍ നോട്ടീസ് ; സംഭവം മലപ്പുറത്ത്

മലപ്പുറം: പത്ത് വര്‍ഷം മുമ്പ് മരിച്ച ഭാര്യയുടെ പേരില്‍ സീറ്റ് ബെല്‍റ്റ് ഇടാത്തതിന് പിഴ അടക്കാന്‍ നോട്ടീസ് വന്നതായി പരാതി. മലപ്പുറം പാണ്ടികശാല സ്വദേശി പള്ളിയാലില്‍ മൂസ ഹാജിയാണ് പരാതിയുമായി രംഗത്ത് എത്തിയത്. ഇല്ലാത്ത വണ്ടിക്ക് മരിച്ചയാളുടെ പേരിലെത്തിയ പിഴ നോട്ടീസില്‍ ഭാര്യ ഹാജറയുടെ മരണ സര്‍ട്ടിഫിക്കറ്റ് അടക്കമാണ് വയോധികന്റെ പരാതി.

കഴിഞ്ഞ ദിവസമാണ് കോട്ടക്കല്‍ പറമ്പിലങ്ങാടിയിലുള്ള ആര്‍.ടി.ഒ ഓഫീസില്‍ നിന്ന് തപാല്‍ വഴി പിഴ അടക്കാനുള്ള നോട്ടീസ് വന്നത്. കഴിഞ്ഞ മാസം ഇരുപത്തിഒന്‍പതാം തിയതി കോഴിക്കോട് നടക്കാവില്‍ വെച്ച് KL10 AL1858 എന്ന വാഹനത്തില്‍ സീറ്റ് ബെല്‍റ്റ് ഇല്ലാതെ സഞ്ചരിച്ചു എന്നാണ് നോട്ടീസില്‍ ഉള്ളത്. അഞ്ഞൂറ് രൂപ പിഴ അടയ്ക്കാനാണ് നോട്ടീസ് ലഭിച്ചത്. എന്നാല്‍ ക്യാമറയില്‍ പതിഞ്ഞ ഫോട്ടോ അവ്യക്തമാണ്. ഭാര്യ മരിച്ചിട്ട് 10 വര്‍ഷമായെന്നും സ്വന്തമായി വാഹനമില്ലെന്നും മൂസാഹാജി പറഞ്ഞു.

പിഴ വന്നതിനേക്കാള്‍ മരിച്ചുപോയ ഭാര്യയുടെ പേര് അനാവശ്യമായി കേസുകൂട്ടത്തിലേക്ക് വലിച്ചിഴക്കേണ്ടി വന്നതിലാണ് മൂസാഹാജിക്ക് വിഷമം. ഇന്റര്‍നെറ്റിലും മറ്റും വാഹനത്തിന്റെ നമ്പര്‍ അടിച്ച് നോക്കുമ്പോള്‍ മറ്റ് വിവരമൊന്നും ലഭിക്കുന്നുമില്ലെന്ന് മൂസാഹാജി പരാതിപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് വളാഞ്ചേരി പൊലീസിനും മലപ്പുറം’ ആര്‍.ടി.ഒക്കും മൂസ ഹാജി പരാതി നല്‍കിയിട്ടുണ്ട്.

error: Content is protected !!