കെട്ടിട നികുതി കൂട്ടാനുള്ള ഉത്തരവിന്റെ മറവില്‍ തദ്ദേശസ്ഥാപനങ്ങളുടെ നിരക്ക് വര്‍ധന : തടഞ്ഞ് ഓംബുഡ്‌സ്മാന്‍

വര്‍ഷംതോറും കെട്ടിടനികുതി വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കുന്ന സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ തദ്ദേശസ്ഥാപനങ്ങള്‍ നികുതി നിരക്കില്‍ വര്‍ധന വരുത്തുന്നത് തടഞ്ഞ് തദ്ദേശസ്വയംഭരണ വകുപ്പ് ഓംബുഡ്‌സ്മാന്‍. നികുതിയില്‍ വര്‍ധന വരുത്താനാണ് നികുതിനിരക്കിനു പകരം ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് പി.എസ്.ഗോപിനാഥന്റെ ഉത്തരവ്. ഏതെങ്കിലും തദ്ദേശസ്ഥാപനം നികുതി നിരക്കില്‍ വര്‍ധന വരുത്തിയിട്ടുണ്ടെങ്കില്‍ അതില്‍ മാറ്റം വരുത്തണമെന്നും അധിക നികുതി ഈടാക്കിയിട്ടുണ്ടെങ്കില്‍ അത് അടുത്ത വര്‍ഷത്തെ നികുതിയില്‍ കുറയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു.

2023-24 മുതല്‍ അടുത്ത അഞ്ചു വര്‍ഷം കെട്ടിടനികുതി ഓരോ വര്‍ഷവും തൊട്ടു മുന്‍വര്‍ഷത്തെ നികുതിയേക്കാള്‍ 5% വീതം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 22ന് ആണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. വീടുകളുടെ ഏറ്റവും കുറഞ്ഞ നികുതി നിരക്ക് ചതുരശ്ര മീറ്ററിന് 6 രൂപയായും നിശ്ചയിച്ചു. നികുതി നിരക്കില്‍ 5% വര്‍ധന വരുമ്പോള്‍ ഇത് 6.3 രൂപയാകും. പഞ്ചായത്ത് രാജ് ചട്ടപ്രകാരം ഇതു പൂര്‍ണസംഖ്യയില്‍ ക്രമപ്പെടുത്തണം. ഇങ്ങനെ വരുമ്പോള്‍ ചതുരശ്ര മീറ്ററിന് 7 രൂപയാകും. ഇത്തരത്തില്‍ നികുതി നിരക്കു ക്രമീകരിക്കാന്‍ തൃശൂര്‍ ജില്ലയിലെ കൈപ്പറമ്പ് പഞ്ചായത്ത് തയാറായില്ല. പഞ്ചായത്ത് സെക്രട്ടറിയുടെ എതിര്‍പ്പ് മറികടന്നായിരുന്നു ഇത്. തുടര്‍ന്നാണു വിഷയം സര്‍ക്കാര്‍ ഓംബുഡ്‌സ്മാന്റെ പരിഗണനയ്ക്കു വിട്ടത്. നികുതി നിരക്കില്‍ വര്‍ധന വരുത്തിയാല്‍ വര്‍ധന 16.25 ശതമാനമായി മാറുമെന്ന് ഓംബുഡ്‌സ്മാന്‍ വിലയിരുത്തി. 500 ചതുരശ്രമീറ്റര്‍ വലുപ്പമുള്ള കെട്ടിടത്തിന് നിലവില്‍ 300 രൂപയാണ് നികുതി എങ്കില്‍ നിരക്ക് വര്‍ധന വരുത്തിയാല്‍ 350 രൂപയായി മാറും. നിലവിലെ നികുതിയിലാണ് വര്‍ധന എങ്കില്‍ 315 രൂപ മാത്രമാണ് ആകുക. നികുതി നിരക്കില്‍ വര്‍ധന വരുത്താന്‍ അനുമതി നല്‍കിയിട്ടില്ലെന്നും ഇതില്‍ വ്യക്തത വരുത്തുമെന്നും വിഷയത്തില്‍ കക്ഷിയായ തദ്ദേശഭരണ വകുപ്പ് ഡയറക്ടറും അറിയിച്ചു.

error: Content is protected !!