കാലിക്കറ്റ് സര്‍വകലാശാലയിലെ വനിതാ ഹോസ്റ്റലില്‍ മഞ്ഞപ്പിത്തം ; രോഗം രണ്ടുപേര്‍ക്ക് മാത്രം ; വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്ന് അധികൃതര്‍

തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാലാ വനിതാ ഹോസ്റ്റലില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് മഞ്ഞപ്പിത്തം ബാധിച്ചിട്ടുള്ളതെന്ന് അധികൃതര്‍. അതേസമയം മഞ്ഞപ്പിത്തം പടരുന്നുവെന്നും അധികൃതര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്നതുമായ വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധവും വിദ്യാര്‍ഥിനികളില്‍ ഭീതിപടര്‍ത്തുന്നതുമാണെന്ന് രജിസ്ട്രാര്‍ പറഞ്ഞു.

ഈ മാസം 11നാണ് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥിനിക്ക് മഞ്ഞപ്പിത്തമാണെന്ന കാര്യം വാര്‍ഡനെ അറിയിച്ചത്. ഉടനെ തന്നെ മുറിയില്‍ കൂടെ താമസിച്ചിരുന്നവരോട് പരിശോധനക്ക് ആവശ്യപ്പെട്ടു. 12ന് പരിശോധനാഫലം വന്നപ്പോള്‍ ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇവരെ ചികിത്സക്കും വിശ്രമത്തിനുമായി വീട്ടിലേക്കയച്ചുവെന്നും ഇക്കാര്യം തേഞ്ഞിപ്പലം ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ അറിയിക്കുകയും അദ്ദേഹത്തിന്റെ പ്രതിരോധനിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്തുവെന്നും രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റ്യന്‍ അറിയിച്ചു.

വ്യാഴാഴ്ച രാവിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റീന, വാര്‍ഡംഗം ബിജിത എന്നിവര്‍ ഹോസ്റ്റലും അടുക്കളയും പരിസരവും സന്ദര്‍ശിച്ച് ശുചിത്വം ഉറപ്പുവരുത്തി തൃപ്തി രേഖപ്പെടുത്തുകയും ഭീതി ആവശ്യമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ടെന്ന് രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റ്യന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. കാമ്പസിലെ കുടിവെള്ളം എല്ലാമാസവും പരിശോധന നടത്തുന്നുണ്ട്. പുറത്ത് നിന്നുള്ള ഭക്ഷണവും വെള്ളവും കഴിക്കുന്ന വിദ്യാര്‍ഥികള്‍ ജാഗ്രത പാലിക്കണമെന്നും രജിസ്ട്രാര്‍ അറിയിച്ചു.

error: Content is protected !!