
മലപ്പുറം : കുടുംബശ്രീ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ മാധ്യമ പ്രവര്‍ത്തകരുടെ സംഗമം- മീഡിയ കോണ്‍ക്ലേവ് സംഘടിപ്പിച്ചു. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, സ്ത്രീ ശാക്തീകരണം എന്നീ ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിച്ചു വരുന്ന കുടുംബശ്രീ നാളിതുവരെയായി നേടിയെടുത്ത നേട്ടങ്ങള്‍, പുതിയ ചുവടു വെപ്പുകള്‍, പദ്ധതികള്‍, പരിപാടികള്‍ തുടങ്ങിയവ കൂടുതല്‍ ജനകീയമാക്കുന്നതിനും പൊതു ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെയും ഭാഗമായാണ് സംഗമം നടത്തിയത്.
മലപ്പുറം സൂര്യ റീജന്‍സിയില്‍ നടന്ന ചടങ്ങില്‍ മലപ്പുറം പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് വിമല്‍ കോട്ടയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ഡ്രൈവ് 23, ടെക്സ്റ്റയില്‍ റീസൈക്ലിങ്, ലോക്കല്‍ കാര്‍ണിവല്‍, യോഗ്യ, ഹൃദ്യ, ക്ലിക്ക്, ബേസിക് ലൈഫ് സപ്പോര്‍ട്ട്, പള്‍സ്, സിഗ്നേച്ചര്‍ സ്റ്റോര്‍, ഷീ സ്റ്റാര്‍ട്ട്‌സ്, ഹോം ഷോപ്പ്, ജനകീയ ഹോട്ടല്‍ ബ്രാന്റിങ്,കാഴ്ചപ്പാട്, ജോബ് മേള, ശേഷി, ബഡ്‌സ് ട്രസ്റ്റ് ഷോപ്പ്, എം.ഇ കണ്‍സോര്‍ഷ്യങ്ങള്‍, ഹരിത കര്‍മ്മസേന സുസജ്ജമാക്കല്‍, ന്യൂട്രിമിക്‌സ് പ്രൊഡ്യൂസര്‍ കമ്പനി, ഫാര്‍മേഴ്‌സ് ക്ലബ്ബ്, കൈത്താങ്ങ്, കെ.എല്‍ 10 ബി, സംരംഭകര്‍ക്കുള്ള ക്ഷേമനിധി / ഇന്‍ഷുറന്‍സ്, പുനര്‍ജ്ജനി, ട്രൈബല്‍ – ഷെല്‍ട്ടര്‍ തുടങ്ങി കുടുംബശ്രീ ജില്ലാ മിഷന്‍ നടപ്പിലാക്കുന്ന 25 ഇന തനത് പദ്ധതികള്‍ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ജാഫര്‍ കെ. കക്കൂത്ത് വിശദീകരിച്ചു.
മലപ്പുറം പ്രസ് ക്ലബ്ബ് സെക്രട്ടറി സി.വി രാജീവ്, മാധ്യമപ്രവര്‍ത്തകരായ അബ്ദുല്‍ ലത്തീഫ് നഹ, സുരേഷ് എടപ്പാള്‍, പി. ഷംസുദ്ധീന്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.പി അബ്ദുറഹ്‍മാന്‍ ഹനീഫ്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഷിഫ്ന എന്നിവര്‍ പ്രസംഗിച്ചു. കുടുംബശ്രീ മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ കെ.എസ് ഹഷ്കര്‍ സ്വാഗതവും റിജേഷ് നന്ദിയും പറഞ്ഞു.