അമിത തിരക്കും വാഹനാപകടങ്ങളും ; പൊന്നാനി നിളയോര പാതയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കും

പൊന്നാനി നിളയോര പാതയില്‍ അടിയന്തര നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ പി.നന്ദകുമാര്‍ എം.എല്‍.എ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ധാരണയായി. ഹാര്‍ബര്‍ പാലം തുറന്ന് കൊടുത്താല്‍ ഉണ്ടായേക്കാവുന്ന അമിത തിരക്ക് കൂടി മുന്നില്‍ കണ്ടാണ് നിയന്ത്രണം. കൂടാതെ അടുത്തിടെ നിരവധി പേരാണ് വാഹനാപകടങ്ങളില്‍ മരണപ്പെടുന്നത്. ഇതിന്റെ കൂടെ പശ്ചാത്തലത്തിലാണ് എം.എല്‍.എ നഗരസഭാ ട്രാഫിക് ക്രമീകരണ സമിതി യോഗം വിളിച്ചുചേര്‍ത്തത്.

യാത്രാ വാഹനങ്ങളല്ലാത്ത മുഴുവന്‍ ചരക്ക് വാഹനങ്ങള്‍ക്കും നിളയോര പാതയില്‍ പ്രവേശനം നിരോധിക്കാന്‍ യോഗത്തില്‍ ധാരണയായി. ഇതിന്റെ ഭാഗമായി അറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. കൂടാതെ ഇടവിട്ട് സ്പീഡ് ബ്രേക്കറുകളും ഡിവൈഡറുകളും സ്ഥാപിക്കും. വാഹനങ്ങള്‍ക്ക് നിളയോര പാതയില്‍ സ്പീഡ് ലിമിറ്റ് നിശ്ചയിച്ച് പ്രദര്‍ശിപ്പിക്കുകയും പരിശോധന ശക്തമാക്കുകയും ചെയ്യും. പെരുന്നാളടക്കമുള്ള വിശേഷ ദിവസങ്ങളില്‍ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം പരിഗണിച്ച് അത്തരം സാഹചര്യങ്ങളില്‍ മാത്രം കൂടുതല്‍ പോലീസ് സേനയെ ആവശ്യപ്പെടാനും ധാരണയായി.

കൂടാതെ ലഹരി ഉപയോഗത്തിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ പോലീസ്, എക്സൈസ് വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. ടൂറിസം റോഡില്‍ ആവശ്യമായ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്താനും നിര്‍ദേശിച്ചു. പുതിയ നിയന്ത്രണങ്ങള്‍ക്ക് മുന്നോടിയായി പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവരുടെ സംയുക്ത പരിശോധന അടുത്ത ദിവസം തന്നെ നടത്തും. കൂടാതെ നിളയോര പാതയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് നഗരസഭ, റവന്യു വകുപ്പുകളോട് സംയുക്ത പരിശോധന നടത്താന്‍ നിര്‍ദേശിച്ചു.

പൊന്നാനി നഗരസഭാ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷന്‍ ശിവദാസ് ആറ്റുപുറം, ഉപാധ്യക്ഷ ബിന്ദു സിദ്ധാര്‍ത്ഥന്‍, സ്ഥിരം സമിതി അധ്യക്ഷരായ രജീഷ് ഊപ്പാല, ടി.മുഹമ്മദ് ബഷീര്‍, നഗരസഭാ സെക്രട്ടറി എസ്.സജിറൂന്‍, പൊന്നാനി പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിനോദ് വലിയാറ്റൂര്‍, പൊന്നാനി പോലീസ് പ്രതിനിധി അയ്യപ്പന്‍, പി.ഡബ്ല്യു.ഡി അസി. എന്‍ജിനീയര്‍ ജോമോന്‍ തോമസ്, താലൂക്ക് ഓഫീസ് പ്രതിനിധി കെ.കെ ഗോപാല കൃഷ്ണന്‍, എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ മുരുകന്‍ എസ് തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!