
ദില്ലി : ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ഉയരുന്നു. 26 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ മലയാളിയും ഉള്‍പ്പെടുന്നു. ഒരു ഇറ്റലി സ്വദേശിയും ഒരു ഇസ്രായേല്‍ സ്വദേശിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഭീകരാക്രമണത്തിന് പിന്നില്‍ ലഷ്‌കര്‍ എ തയ്ബയെന്ന് സൂചന. പാകിസ്ഥാനില്‍ നിന്ന് ആക്രമണം നിയന്ത്രിച്ചത് സൈഫുള്ള കസൂരിയെന്നാണ് റിപ്പോര്‍ട്ട്. ലഷ്‌കറെ തയിബയുമായി ബന്ധമുള്ള ‘ദ് റസിസ്റ്റന്‍സ് ഫ്രണ്ട്’ (ടിആര്‍എഫ്) ഉത്തരവാദിത്തമേറ്റു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലെത്തി, ഉന്നത ഉദ്യോഗസ്ഥരുമായി സാഹചര്യം ചര്‍ച്ച ചെയ്യുകയാണ്. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ജമ്മു കാശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ജമ്മുകശ്മീരില്‍ 2019ന് ശേഷം നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹല്‍ഗാമില്‍ നടന്നത്. ജമ്മു കശ്മീരിലെ പഹല്‍ഗാമിലുള്ള ബൈസാറനിലാണ് ഭീകരാക്രമണം ഉണ്ടായത്.
പഹല്‍ഗാമില്‍ ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൗദി യാത്ര ഒരു ദിവസം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡല്‍ഹിയില്‍ തിരികെയെത്തി. മുന്‍നിശ്ചയപ്രകാരം ഇന്നു രാത്രിയായിരുന്നു പ്രധാനമന്ത്രിയുടെ സൗദി യാത്ര അവസാനിക്കേണ്ടിയിരുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രിയെ സ്ഥിതിഗതികള്‍ ധരിപ്പിച്ചു. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരും.
രണ്ട് തദ്ദേശീയര്‍ ഉള്‍പ്പെടെ ഏഴ് ഭീകരരുടെ സംഘമാണ് ആക്രമണം നടത്തിയതെന്ന് സുരക്ഷാ സേന വ്യക്തമാക്കി. കശ്മീരില്‍ നിന്നുള്ള രണ്ട് തദ്ദേശീയര്‍ ആക്രമണം നടത്തിയ സംഘത്തിലുണ്ടായിരുന്നു. 2017 ല്‍ പരിശീലനത്തിനായി ഇവര്‍ പാകിസ്ഥാനിലേക്ക് കടന്ന് വിദേശ ഭീകരരുടെ അവസാന ബാച്ചിനൊപ്പം ചേര്‍ന്നുവെന്നാണ് വിലയിരുത്തല്‍. ഭീകരര്‍ക്ക് ബൈക്കുകള്‍ കിട്ടിയതെവിടെയെന്നും അന്വേഷിക്കുന്നുണ്ട്. എന്‍ ഐ എ സംഘം പഹല്‍ഗാമിലേക്ക് പോയിട്ടുണ്ട്. ഒരു പ്രാദേശിക ഭീകരനെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ബിജ് ബഹേര സ്വദേശി ആദില്‍ തോക്കറാണ് തീവ്രവാദ സംഘത്തിലുള്ളതായി വിവരമുള്ളത്.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിനോദ സഞ്ചാരികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനായി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും ശ്രീനഗറില്‍ നിന്ന് അധിക വിമാന സര്‍വീസുകള്‍ നടത്തും. വിനോദ സഞ്ചാരികള്‍ക്കും ദുരിതം അനുഭവിക്കുന്നവര്‍ക്കുമായി പ്രത്യേക ഹെല്‍പ്‌ഡെസ്‌ക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. അനന്ത്‌നാഗ്: 01932222337, 7780885759, 9697982527, 6006365245. ശ്രീനഗര്‍: 01942457543, 01942483651,7006058623
കൊച്ചി ഇടപ്പള്ളി മങ്ങാട്ട് റോഡില്‍ എന്‍. രാമചന്ദ്രനാണ് (65) കൊല്ലപ്പെട്ട മലയാളി. കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ളവരും യുഎഇ, നേപ്പാള്‍ സ്വദേശികളും കൊല്ലപ്പെട്ടു. 20 പേര്‍ക്കു പരുക്കേറ്റു. കൊച്ചിയില്‍ നാവികസേനാ ഉദ്യോഗസ്ഥനായ ഹരിയാന സ്വദേശി വിനയ് നര്‍വലും (26) തെലങ്കാന സ്വദേശിയായ ഇന്റലിജന്‍സ് ബ്യൂറോ ഓഫിസര്‍ മനീഷ് രഞ്ജനും കര്‍ണാടകയില്‍ നിന്ന് കുടുംബത്തോടൊപ്പം കശ്മീരിലെത്തിയ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ മഞ്ജുനാഥ റാവു, ഒഡിഷയില്‍ നിന്ന് കുടുംബത്തോടൊപ്പം എത്തിയ പ്രശാന്ത് സത്പതി, കര്‍ണാടക ഹാവേരി റാണെബെന്നൂര്‍ സ്വദേശി ഭരത് ഭൂഷന്‍ എന്നിവരും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. ഭീകരാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ ഹെലികോപ്റ്റര്‍ മാര്‍ഗം ശ്രീനഗറില്‍ എത്തിക്കും. അനന്തനാഗിലെ ആശുപത്രിയിലാണ് പരിക്കേറ്റവര്‍ നിലവില്‍ ചികിത്സയില്‍ ഉള്ളത്.
ദക്ഷിണ കശ്മീരില്‍ ‘മിനി സ്വിറ്റ്സര്‍ലന്‍ഡ്’ എന്നറിയപ്പെടുന്ന പഹല്‍ഗാമിലെ ബൈസരണ്‍ താഴ്വരയിലാണ് രാജ്യത്തെ നടുക്കിയ ആക്രമണമുണ്ടായത്. സൈനികവേഷത്തിലെത്തിയ ഭീകരര്‍ ഉച്ചകഴിഞ്ഞ് 3നു സഞ്ചാരികള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. പുരുഷന്മാരെ തിരഞ്ഞുപിടിച്ചായിരുന്നു ആക്രമണം. ട്രക്കിംഗിനെത്തിയ വിനോദ സഞ്ചാരികള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഭീകരാക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് നിരവധി വിനോദ സഞ്ചാരികള്‍ കുടുങ്ങിയിട്ടുണ്ട്.