
കരിപ്പൂര്‍ : സംസ്ഥാനത്ത് ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് കൊച്ചിയില്‍ നിന്നും കണ്ണൂരില്‍ നിന്നുമുള്ള വിമാനങ്ങള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കി. എഴുപതോളം രാജ്യാന്തര ആഭ്യന്തര വിമാന സര്‍വീസുകളാണ് മുടങ്ങിയതെന്നു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മുന്നറിയിപ്പില്ലാതെ വിമാനങ്ങള്‍ റദ്ദാക്കിയത് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള നൂറുകണക്കിന് യാത്രക്കാരെ വലച്ചു. പലരും യാത്ര പുറപ്പെടാനായി വിമാനത്താവളത്തില്‍ എത്തിയ ശേഷമാണ് വിവരം അറിഞ്ഞത്. ഇതോടെ ബോര്‍ഡിങ് പാസ് ഉള്‍പ്പെടെ കിട്ടി മണിക്കൂറുകളോളം വിമാനത്താവളത്തില്‍ കാത്തിരുന്ന യാത്രക്കാര്‍ പലരും ക്ഷുഭിതരായി.
കരിപ്പൂരില്‍ നിന്ന് ഇതുവരെ 12 സര്‍വീസുകളാണ് റദ്ദാക്കിയത്. യാത്ര പുനഃക്രമീകരണത്തിനോ പണം മടക്കി വാങ്ങുന്നതിനോ അവസരമുണ്ടെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. റാസല്‍ ഖൈമ, ദുബായ്, ജിദ്ദ, ദോഹ, ബഹറിന്‍, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്നുള്ള മസ്‌കറ്റ്, ദുബായ്, അബുദാബി വിമാനങ്ങളും നെടുമ്പാശ്ശരിയില്‍ നിന്നുള്ള ഷാര്‍ജ മസ്‌കറ്റ് വിമാനങ്ങളും റദ്ദാക്കി.
ഓപ്പറേഷനല്‍ പ്രശ്നങ്ങളെ തുടര്‍ന്നാണ് വിമാനങ്ങള്‍ റദ്ദാക്കിയതെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് പറഞ്ഞെങ്കിലും ജീവനക്കാരുടെ മിന്നല്‍ പണിമുടക്കാണ് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കരിപ്പൂരില്‍ റദ്ദാക്കിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍
08.00 AM- റാസല്‍ ഖൈമ
8-25 AM ദുബൈ
8:50 AM- ജിദ്ദ
09.00 AM – കുവൈത്ത്
9:35 AM- ദോഹ
9-35 AM- ദുബൈ
10-30 AM- ബഹ്റൈന്‍
5-45 PM- ദുബൈ
7-25 PM ദോഹ
8-10 PM കുവൈത്ത്
8-40 PM ബഹ്റൈന്‍
9-50 PM ജിദ്ദ
കൊച്ചിയില്‍ നിന്ന് യഥാക്രമം 2.05, 8, 8.35, 8.55 നും പുറപ്പെടേണ്ട വിമാനങ്ങളാണ് റദ്ദാക്കിയത്. ഷാര്‍ജ, മസ്‌കറ്റ്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ നിന്നും കൊച്ചി വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങളും റദ്ദാക്കി. കണ്ണൂരില്‍ അബുദാബി, ഷാര്‍ജ, മസ്‌കറ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി.
കാബിന്‍ ക്രൂ നടത്തുന്ന സമരം നിയമവിരുദ്ധമാണെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മാറ്റം അംഗീകരിക്കാനാവാത്തവരാണ് സമരത്തിന് പിന്നിലെന്നും അധികൃതര്‍ ആരോപിച്ചു. യാത്രക്കാര്‍ക്ക് ബദല്‍ ഗതാഗതം അധികൃതര്‍ ഇതുവരെ ഒരുക്കിയിട്ടില്ല. യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കുമെന്ന് അവര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും, ഈ സൗകര്യം ലഭ്യമാക്കുന്നതിനുള്ള പോര്‍ട്ടല്‍ നിലവില്‍ പ്രവര്‍ത്തനക്ഷമമല്ല.