ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി ; വാഹനത്തിലുണ്ടായിരുന്ന രോഗി വെന്തു മരിച്ചു

കോഴിക്കോട് : ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലിടിച്ച് തീപടര്‍ന്ന് വാഹനത്തിലുണ്ടായിരുന്ന രോഗി വെന്തു മരിച്ചു. കോഴിക്കോട് നഗരത്തില്‍ പുലച്ചെ 3.50നാണ് അതിദാരുണമായ അപകടമുണ്ടായത്. നാദാപുരം സ്വദേശി സുലോചനയാണ് (57) മരിച്ചത്. ആംബുലന്‍സില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ ഉള്‍പ്പെടെ ആറു പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്.

കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപത്തുവച്ചായിരുന്നു അപകടം. മൊടക്കല്ലൂരിലെ മലബാര്‍ മെഡിക്കല്‍ കോളേജില്‍ പക്ഷാഘാതത്തിന് ചികിത്സയിലായിരുന്ന സുലോചനയെ അത്യാസന്ന നിലയില്‍ മിംസ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയായിരുന്നു അപകടം. ശക്തമായ മഴയില്‍ നിയന്ത്രണം വിട്ട ആംബുലന്‍സ് വൈദ്യുത പോസ്റ്റ് ഇടിച്ച് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്ന മൂന്ന് ജീവനക്കാര്‍ റോഡിലേക്ക് തെറിച്ചുവീണു. ആംബുലന്‍സില്‍ നിന്ന് തീ പടര്‍ന്ന് സമീപത്തെ നാലു നില കെട്ടിടത്തിന്റെ ഒരു ഭാഗവും കത്തി നശിച്ചു. ആംബുലന്‍സില്‍ സുലോചനയുടെ ഭര്‍ത്താവ് ചന്ദ്രന്‍ അയല്‍വാസി പ്രസീദ , മലബാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ ഫാത്തിമ, നഴ്‌സുമാരായ ഹര്‍ഷ ജാഫര്‍, ഡ്രൈവര്‍ അര്‍ജുന്‍ എന്നിവരാണ് ഉണ്ടായിരുന്നത്. ആംബുലന്‍സില്‍ കുടുങ്ങിപ്പോയ സുലോചനയെ പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. സുലോചനയുടെ ഭര്‍ത്താവ് ചന്ദ്രനും അയല്‍വാസി പ്രസീതയ്ക്കും തലയ്ക്കും കഴുത്തിനും ആണ് പരിക്ക്. ആരുടെയും നില ഗുരുതരമല്ല. നൃത്താധ്യാപികയായിരുന്ന സുലോചന കഴിഞ്ഞ കുറച്ച് നാളുകളായി ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

error: Content is protected !!