മഞ്ഞപ്പിത്ത ജാഗ്രത, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) പ്രധാനമായും മലിനമായ വെള്ളത്തിലൂടെ പകരുന്ന രോഗമായതിനാല്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിനോദ യാത്രയ്ക്ക് പോയ് വരുന്നവരില്‍ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും മഞ്ഞപ്പിത്തം പോലെയുള്ള ജലജന്യ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കുടിക്കാനുപയോഗിക്കുന്ന വെള്ളം വളരെയേറെ ശ്രദ്ധിക്കണം. മലിനമായ ജലസ്രോതസുകളിലൂടെയും മലിനമായ വെള്ളം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഭക്ഷണം, ഐസ്, ശീതള പാനിയങ്ങള്‍ എന്നിവയിലൂടെയും, മലിനജലം ഉപയോഗിച്ച് പാത്രം കഴുകുക, കൈ കഴുകുക തുടങ്ങിയവയിലൂടെയും, സെപ്റ്റിക് ടാങ്കുകളിലെ ചോര്‍ച്ച മുഖേന കിണറുകളിലെ വെള്ളം മലിനമാകുന്നതിലൂടെയും, ഹെപ്പറ്റൈറ്റിസ്-എ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ക്ക് ഹെപ്പറ്റൈറ്റിസ്-എ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കണം. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ചികിത്സ തേടണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

മലപ്പുറം, എറണാകുളം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചു വരുന്നു. മലപ്പുറം ചാലിയാര്‍, പോത്തുകല്‍ ഭാഗങ്ങളില്‍ ഹെപ്പറ്റൈറ്റിസ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഈ പ്രദേശങ്ങളില്‍ സ്വീകരിച്ചിരുന്ന പ്രതിരോധ-അവബോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു. പോത്തുകല്ലില്‍ മഞ്ഞപ്പിത്തം നിയന്ത്രണ വിധേയമായിരുന്നു. എന്നാല്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടവും ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ ചാലിയാറിലും പോത്തുകല്ലിലും യോഗങ്ങള്‍ ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി.

രോഗബാധിത പ്രദേശങ്ങളിലെ എല്ലാ കുടിവെള്ള സ്‌ത്രോതസുകളിലും ക്ലോറിനേഷന്‍ നടത്താന്‍ നിര്‍ദേശം നല്‍കി. എല്ലാ ഹോട്ടലുകളോടും റെസ്റ്റോറന്റുകളോടും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജ്യൂസിന് ഉപയോഗിക്കുന്ന ഐസ് ശുദ്ധ ജലം കൊണ്ട് മാത്രമേ നിര്‍മ്മിക്കാവൂ. ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ ഹെല്‍ത്ത് കാര്‍ഡ് പരിശോധന കര്‍ശനമാക്കി. മഞ്ഞപ്പിത്തത്തിന് സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ശാസ്ത്രീയ ചികിത്സ തേടണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിന് മുമ്പ് എല്ലായിടത്തേയും കുടിവെള്ള സ്‌ത്രോതസുകള്‍ ശുദ്ധമാണെന്ന് പരിശോധിച്ച് ഉറപ്പ് വരുത്താനും നിര്‍ദേശം നല്‍കി.

ഹെപ്പറ്റൈറ്റിസ്-എ ഏറെ അപകടം

രോഗ പ്രതിരോധശേഷി കുറഞ്ഞവരിലും, എച്ച്.ഐ.വി, കരള്‍ രോഗങ്ങള്‍ തുടങ്ങിയ മറ്റ് അനുബന്ധ രോഗങ്ങളുള്ളവരിലുമാണ് തീവ്രമായ അസുഖം കാണപ്പെടുന്നത്. ലക്ഷണങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ രോഗിയില്‍ നിന്നും അടുത്ത സമ്പര്‍ക്കത്തിലൂടെ രോഗം പകരാന്‍ സാദ്ധ്യതയുണ്ട്. രക്ത പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്.

രോഗലക്ഷണങ്ങള്‍

മഞ്ഞപ്പിത്തം പല രോഗങ്ങളുടേയും ലക്ഷണമാണ്. അതിനാല്‍ മഞ്ഞപ്പിത്തം എന്ത് കൊണ്ട് വന്നൂ എന്നറിഞ്ഞ് മാത്രമേ ചികിത്സിക്കാവൂ. ഹെപ്പറ്റൈറ്റിസ് എ വൈറസ് ശരീരത്തെ ബാധിച്ചാല്‍ 80-95% കുട്ടികളിലും, 10-25% മുതിര്‍ന്നവരിലും രോഗലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല. 2 മുതല്‍ 6 ആഴ്ച വരെ ഇടവേളയിലാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത്. സാധാരണയായി 28 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്.

ക്ഷീണം, പനി, വയറുവേദന, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, വിശപ്പില്ലായ്മ, ചൊറിച്ചില്‍, മഞ്ഞപ്പിത്തം (കണ്ണിലെ വെളുത്ത ഭാഗം, മൂത്രം, ത്വക്ക്, നഖങ്ങള്‍ എന്നിവ മഞ്ഞ നിറത്തില്‍ ആവുക.) എന്നിവയാണ് രോഗ ലക്ഷണങ്ങള്‍.

ശ്രദ്ധിക്കേണ്ടത്

ഹെപ്പറ്റൈറ്റിസ്-എ വൈറസ് മനുഷ്യന്റെ കരളിനെ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു രോഗമാണ് ഹെപ്പറ്റൈറ്റിസ്-എ. ചികിത്സയിലൂടെയും വിശ്രമത്തിലൂടെയും രോഗം പൂര്‍ണമായും ഭേദമാക്കാനാകും. അസുഖ ബാധിതര്‍ ധാരാളം വെള്ളം കുടിക്കുകയും, കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും ചെയ്യണം. സാധാരണ രോഗലക്ഷണങ്ങള്‍ക്കുള്ള മരുന്നുകള്‍ മാത്രമേ ആവശ്യം വരാറുള്ളു. അംഗീകൃതമല്ലാത്ത മരുന്നുകളും, ആവശ്യമില്ലാത്ത മരുന്നുകളും ഉപയോഗിക്കുന്നതിലൂടെ കരളിന്റെ പ്രവര്‍ത്തനം കൂടുതല്‍ വഷളായി മരണം വരെ സംഭവിക്കാം.

പ്രതിരോധ മാര്‍ഗങ്ങള്‍

· തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
· തുറസായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം ഒഴിവാക്കുക.
· കിണര്‍ വെള്ളം നിശ്ചിത ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യുക
· സെപ്ടിക്ക് ടാങ്കും കിണറും തമ്മില്‍ നിശ്ചിത അകലമുണ്ടെന്ന് ഉറപ്പു വരുത്തുക
· ഭക്ഷണം കഴിക്കുന്നതിന് മുമ്പും മലമൂത്ര വിസര്‍ജ്ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.
· രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക.
· 6 മാസത്തെ ഇടവേളയില്‍ 2 ഡോസ് വാക്‌സിന്‍ എടുത്താല്‍ ഹെപ്പറ്റൈറ്റിസിനെ പ്രതിരോധിക്കാം.

error: Content is protected !!