ഊരകം മല : ജില്ലയെ കാത്തിരിക്കുന്നത് വന്‍ ദുരന്തം: പിഡിപി

മലപ്പുറം : ഊരകം മലയിലൂടെ ജില്ലയെ കാത്തിരിക്കുന്നത് വന്‍ ദുരന്തമാണെന്ന് പി.ഡി.പി മലപ്പുറം ജില്ലാ കമ്മറ്റി. ഊരകം മലയുടെ വിവിധ ഭാഗങ്ങളില്‍ ലൈസന്‍സ് ഉള്ളതും ഇല്ലാത്തതുമായ നിരവധി കരിങ്കല്‍ ക്വാറി, ക്രഷറുകള്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്. മലയിലെ കരിങ്കല്ല് പാറകളും കുന്നുകളും ഈ രീതിയില്‍ പൊട്ടിക്കുകയാണെങ്കില്‍ അവിടെ മണ്ണും ഉരുളന്‍ കല്ലുകളും മാത്രം അവശേഷിക്കും. കിലോമീറ്ററുകളോളം വിസ്തൃതിയില്‍ ഇങ്ങനെ നിരന്ന് കിടക്കുന്ന മണ്ണില്‍ ശക്തമായ മഴ പെയ്താല്‍ അതുമൂലം ഉരുള്‍പൊട്ടല്‍ ഉണ്ടാവുകയും അതിന്റെ ഭീതി പറഞ്ഞറിയിക്കാന്‍ പറ്റാത്തതും നിലവില്‍ വയനാട്ടിലെ ചൂരല്‍മലയില്‍ സംഭിച്ച ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തേക്കാള്‍ ഭയാനകരവുമായിരിക്കും. ഇത് മലപ്പുറം ജില്ലയിലെ പല മേഖലയെയും സാരമായി ബാധിക്കുമെന്നും പിഡിപി മുന്നറിയിപ്പ് നല്‍കി.

സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം രണ്ടായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതും ചെങ്കുത്തായി കിടക്കുന്നതുമായ ഊരകം മല ഉള്‍പ്പെടെയുള്ള പല മലനിരകളും ജൈവ വൈവിധ്യങ്ങളുടെ കലവറ കൂടിയാണ്. കരിങ്കല്‍ പാറയും മണ്ണും വലിയ ഉരുളന്‍ കല്ലുകളും ഇടകലര്‍ന്ന രീതിയിലാണ് ഇത്തരം മലകളുടെ ഘടന. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി മലപ്പുറം ജില്ലയിലെ പല മല മുകളിലും ലൈസന്‍സ് ഉള്ളതും ഇല്ലാത്തതുമായ നിരവധി കരിങ്കല്‍ ക്വാറി, ക്രഷറുകള്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്. ഇവയുടെ എല്ലാം പ്രവര്‍ത്തനം പലയിടത്തും ആധുനിക രീതിയിലുള്ള മെഷിനറികള്‍ ഉപയോഗിച്ച് വളരെ പെട്ടന്ന് തന്നെ പാറകള്‍ പൊട്ടിച്ചെടുക്കുന്ന രീതിയിലാണ്.

ഉയര്‍ന്ന പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്ക് താഴെ പലസ്ഥലങ്ങളിലും വന്‍തോതില്‍ വീടുകളും ജനവാസവുമുണ്ട്. ഇത്തരത്തില്‍ സാമാന്യം ഉയര്‍ന്ന പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഈ ക്വാറികള്‍ ജനങ്ങളുടെ ജീവനും സ്വത്തിനും, ജൈവവൈവിധ്യങ്ങള്‍ക്കും വന്‍ ഭീഷണിയാകാന്‍ സാധ്യതയുണ്ട്.
ഇതോടൊപ്പം തന്നെയാണ് മലപ്പുറം ജില്ലയിലെ പല കുന്നിന്‍ മുകളിലും ആധുനിക രീതിയിലുള്ള റിസോര്‍ട്ടുകള്‍ക്ക് വേണ്ടി മലയിടിച്ചുകൊണ്ട് റിസോട്ട് മാഫിയ തഴച്ചു വളരുകയാണ്. ഇത്തരം റിസോര്‍ട്ടുകളില്‍ പരിശോധന നടത്തി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. കരിങ്കല്‍ ക്വാറികള്‍ക്കും ക്രഷറുകള്‍ക്കും ലൈസന്‍സ് നല്‍കുന്നതിന് എന്‍.ഒ.സിയോ അനുമതിയോ നല്‍കുമ്പോള്‍ ബന്ധപ്പെട്ട നിബന്ധനകള്‍ പൂര്‍ണ്ണമായും പാലിക്കുന്നുണ്ടോ എന്ന് നേരിട്ട് പരിശോധിച്ച് ബോധ്യപ്പെട്ട ശേഷം മാത്രമേ നടപടി സ്വീകരിക്കാവൂ എന്നും ആയവ പ്രവര്‍ത്തിച്ച് വരുന്നത് ബന്ധപ്പെട്ട നിബന്ധനകള്‍ പാലിച്ച് കൊണ്ടാണോ എന്നും കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തുന്നതിനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കണമെന്നും പിഡിപി ആവശ്യപ്പെട്ടു.

ചെറിയ രീതിയില്‍ മഴപെയ്താല്‍ പോലും ജില്ലയുടെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെടുന്നു പലസ്ഥലങ്ങളിലും വെള്ളം ഒഴുകിപ്പോകുന്ന തോടുകള്‍ സ്വകാര്യ വ്യക്തികള്‍ കയ്യേറി വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുന്നതാണ് ഒരു പരിധിവരെ ഈ പ്രശ്‌നങ്ങള്‍ക്ക് കാരണം ജില്ലയിലെ മുഴുവന്‍ തോടുകളും കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് വെള്ളത്തിന് സുഖകരമായി ഒഴുകിപ്പോവാനുള്ള സാഹചര്യം പ്രാദേശിക ഭരണകൂടങ്ങള്‍ ഒരുക്കണമെന്നും പി.ഡി.പി മലപ്പുറം ജില്ലാ കമ്മറ്റി ആവശ്യപ്പെടുന്നു.

വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് സക്കീര്‍ പരപ്പനങ്ങാടി, ജില്ലാ സെക്രട്ടറി ഷാഹിര്‍ മൊറയൂര്‍, ജില്ലാ ട്രഷറര്‍ ഹബീബ് കാവനൂര്‍, ജില്ലാ വൈ: പ്രസിഡണ്ട് ഹസ്സന്‍കുട്ടി പുതുവള്ളി,ജില്ലാ ജോ: സെക്രട്ടറി നിസാം കാളമ്പാടി എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!